തിരഞ്ഞെടുപ്പ് പരാജയം | കെ പി സി സി നടപടിക്കെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് | ടി എൻ പ്രതാപനും ജോസ് വള്ളൂരിനും പൂർണ്ണ പിന്തുണ
ചാവക്കാട്: കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലുണ്ടായ പരാജയം മുൻ എം. പി ടി. എൻ പ്രതാപന്റെയും, മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും തലയിൽക്കെട്ടിവെച്ച് വേട്ടയാടാൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി. തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിൽ രാപകലില്ലാതെ പ്രയത്നിച്ചവരാണ് ഈ രണ്ടു നേതാക്കളെന്നും ടി.എൻ പ്രതാപന്റെയും ജോസ് വളളൂരിന്റെയും ത്യാഗപൂർണമായ മുൻകാല പ്രവർത്തനങ്ങളെ വിസ്മരിക്കാൻ കഴിയില്ലെന്നും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗം വിലയിരുത്തി.
ജില്ലക്ക് ഇവരുടെ നേതൃത്വം അത്യാവശ്യമാണ്. തൃശ്ശൂർ ജില്ലയിലെ തീരദേശ പ്രദേശത്തെ കോൺഗ്രസ്സിന്റെ കരുത്ത് ടി. എൻ പ്രതാപനാണെന്നും ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം തീരദേശ പ്രദേശമായ ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ലഭിച്ചത് ഇവരുടെ നേതൃത്വത്തിന്റെ ഫലമാണെന്നും മുൻ കെ. പി. സി. സി മെമ്പർ സി. എ ഗോപപ്രതാപൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. പ്രമേയം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗം ഐക്യകണ്ഠം അംഗീകരിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അരവിന്ദൻ പല്ലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ. രവികുമാർ ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ ഇർഷാദ് ചേറ്റുവ, കോൺഗ്രസ്സ് നേതാക്കളായ കെ. എച്ച് ശാഹുൽ ഹമീദ്, പി. വി ബദറുദ്ധീൻ, ലാസർ മാസ്റ്റർ, എം. എസ് ശിവദാസ്, നളിനാക്ഷൻ ഇരട്ടപ്പുഴ, ആർ. കെ നൗഷാദ്, ഹംസ കാട്ടത്തറ, കെ. കെ കാർത്ത്യയനി ടീച്ചർ, പി.എ നാസർ, സി.ബക്കർ, സ്റ്റീഫൻ ജോസ്, സി.കെ ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Comments are closed.