ഗുരുവായൂരിൽ പാർക്കിങ് ഫീസ് ചോദിച്ചതിന് ജീവനക്കാരന് മർദ്ദനം; മുഖ്യപ്രതി അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂരിൽ കാർ പാർക്കിങ് ഫീസ് ചോദിച്ചതിന് പാർക്കിങ് ജീവനക്കാരനെ ഇടിവള ഉപയോഗിച്ച് മർദിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ചാവക്കാട് കാക്കക്കടവത്ത് പുതിയ പുരയ്ക്കൽ ഷിഹാസിനെയാണ് (28) ഗുരുവായൂർ ടെംപിൾ സ്റ്റേഷൻ എസ്ഐ കെ.ആർ. വിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി 10.30ന് ഗുരുവായൂർ നഗരസഭയുടെ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക ഗ്രൗണ്ടിലാണ് സംഭവം. പാർക്കിങ് ഫീസ് പിരിക്കുന്ന ഇരിങ്ങപ്പുറം ചേറൂർ സ്വദേശി ജഗത്തിനാണ് (20) മർദനമേറ്റത്. പ്രതിയായ ഷിഹാസ് കാറുമായി പാർക്കിങ് ഗ്രൗണ്ടിൽ എത്തിയപ്പോൾ ജഗത്ത് ഫീസ് ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഷിഹാസും കൂടെയുണ്ടായിരുന്ന മൂന്ന് പേരും ചേർന്ന് ജഗത്തിനെ ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായി പൊലീസ് വ്യക്തമാക്കി.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ കഴിഞ്ഞിgന്ന ഷിഹാസ് പിടിയിലായെങ്കിലും കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.




Comments are closed.