സാമ്പത്തിക ബാധ്യത: കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിതാവും മകളും മരിച്ചു

കുന്നംകുളം: പഴഞ്ഞി എം.ഡി. കോളജിന് സമീപം ഒരു കുടുംബത്തിലെ നാല് പേർ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ പിതാവും മകളും മരണപ്പെട്ടു. പഴഞ്ഞി അരുവായി എം.ഡി കോളജിന് സമീപം താമസിക്കുന്ന മാടക്കപറമ്പിൽ സിബി (50), മകൾ അലീന (19) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന (40), മകൻ ആദിത്യൻ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗൃഹനാഥനായ സിബിയെ വീട്ടുപറമ്പിലെ കിണറ്റിലും, മകൾ അലീനയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായിരുന്ന ബീനയെയും മകൻ ആദിത്യനെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.വിദേശത്ത് ജോലി ചെയ്തിരുന്ന സിബിക്ക് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നാട്ടിലെത്തിയ ഇദ്ദേഹത്തിന് കടുത്ത സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും ഇതാണ് ദാരുണമായ തീരുമാനത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വിവരമറിഞ്ഞ് കുന്നംകുളം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റിൽ നിന്ന് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. സിബിയുടെയും അലീനയുടെയും മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.



Comments are closed.