ഗുരുവായൂർ ക്ഷേത്രോത്സവം – പ്രസാദ ഊട്ടിൽ അതിഥിയായി എൻ. കെ. അക്ബർ എം എൽ എ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ കൊടിയിറങ്ങാനിരിക്കെ പ്രസാദ ഊട്ടിൽ വീശിഷ്ടാതിഥിയായി ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ ഊട്ട് പന്തലിൽ എത്തി.
ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് എം എൽ എ യെ സ്വീകരിച്ചു.
കഞ്ഞിയും പയറുപ്പേരിയുമായിരുന്നു ഇന്നത്തെ വിശേഷം.
പത്ത് ദിവസം നീണ്ടു നിന്ന ഉത്സവസദ്യയ്ക്കും അന്നദാനത്തിനും 2.31 കോടി രൂപ ചിലവ് വരും.
ഭക്തർക്ക് രാവിലെ കഞ്ഞിയും മുതിരപ്പുഴുക്കും രാത്രി ചോറും രസകാളനും വിഭവങ്ങളുമാണ് വിളമ്പുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കെല്ലാം 2 നേരം പകർച്ചയുമുണ്ട്. കഞ്ഞിക്ക് 42,000 കിലോ അരി, ചോറിന് 50,000 കിലോ. പുഴുക്കിന് 25,000 കിലോ മുതിരയും 22,000 കിലോ ഇടിച്ചക്കയും എന്നാണ് കണക്ക്.
വിഭവങ്ങൾ തയാറാക്കാൻ കല്ലുപ്പ് 3000 കിലോയും പൊടിയുപ്പ് 600 കിലോയും ഉപയോഗിക്കും. 10 ടൺ പപ്പടം കാച്ചിയെടുക്കാൻ മാത്രം 9 ടൺ വെളിച്ചെണ്ണ വേണം. കഞ്ഞി കുടിക്കാൻ രണ്ടര ലക്ഷം പാള പ്ലേറ്റും പച്ചപ്ലാവില കുത്തിയതുമാണ് വേണ്ടത്.
20,000 കിലോ മത്തൻ അടക്കം 40,000 കിലോയോളം പച്ചക്കറികളാണ് കഞ്ഞി, പുഴുക്ക്, സദ്യ, പകർച്ച എന്നിവയ്ക്കായി ഉപയോഗിക്കുന്നത്.
പത്തു ദിവസത്തെ ഉത്സവത്തിന് നാളെ കൊടിയിറങ്ങും. ഇന്ന് രാത്രി പള്ളിവേട്ടയും നാളെ ആറാട്ടും നടക്കും.
Comments are closed.