mehandi new

കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനകീയ സമര സദസ്സ് സംഘടിപ്പിക്കുന്നു

fairy tale

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ തീരദേശ പ്രദേശങ്ങളിലെ കടൽക്ഷോഭ ദുരിതത്തിന് ശാശ്വത പരിഹാരം കാണുക എന്നാവശ്യപ്പെട്ട്  കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനകീയ സമര സദസ്സ് സംഘടിപ്പിക്കുന്നു. 2024 നവംബർ 9 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ രാത്രി 10 മണി വരെ അഞ്ചങ്ങാടി വളവിൽ വെച്ച്  കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ സമര സദസ്സിന്റെ ഉദ്ഘാടനം തീരദേശ വനിതാ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ടും പരിസ്ഥിതി പ്രവർത്തകയുമായ  മാഗ്ലിൻ ഫിലോമിന നിർവഹിക്കും.  ചെല്ലാനം സമരനായകനും ജനകീയ വേദി ജനറൽ കൺവീനറുമായ വി. ടി സെബാസ്റ്റ്യൻ  മുഖ്യപ്രഭാഷണം നിർവഹിക്കും. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിക്കും. 

planet fashion

തീരദേശ മേഖലയിലെ  നൂറുകണക്കിന് വീടുകളും ഹെക്ടർ കണക്കിന് സ്ഥലങ്ങളും ധാരാളം കെട്ടിടങ്ങളും കടൽക്ഷോഭ മൂലം അപ്രത്യക്ഷമായിട്ടുണ്ട് ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ സമര സദസ്സിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വർഗ്ഗബഹുജന സംഘടനകളുടെയും ക്ലബ്ബുകളുടെയും മത്സ്യ തൊഴിലാളികളുടെയും  കുടുംബശ്രീ പ്രവർത്തകരുടെയും ആശാവർക്കർമാരുടേയും തൊഴിലുറപ്പ് തൊഴിലാളികളുടേയും വ്യാപാരികളുടേയും ബോട്ടുടമകളുടേയും ഡ്രൈവർമാരുടെയും സാമൂഹ്യ സാംസ്കാരിക  പ്രവർത്തകരുടേയും പത്ര മാധ്യമ സുഹൃത്തുക്കളുടേയും തുടങ്ങി സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുടേയും പങ്കാളിത്തവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

കഴിഞ്ഞവർഷത്തെ കടൽക്ഷോഭ ദുരിത സമയത്ത്  അഹമ്മദ് കുരിക്കൾ റോഡിൽ നിന്ന് കേവലം 5 മീറ്റർ ദൂരം വരെ കടൽ ഇരച്ചെത്തിയതാണ്. ഇനിയൊരു കടൽക്ഷോഭത്തിൽ റോഡ് തകരാനും സാധ്യതയുണ്ട്. അഹമ്മദ് കുരിക്കൾ റോഡ് തകരുന്ന സാഹചര്യമുണ്ടായാൽ കടപ്പുറം പഞ്ചായത്തിലെ വലിയൊരു ഭാഗം കടലിനടിയിലാകും. കടപ്പുറം പഞ്ചായത്തിലെ തീരദേശ പ്രദേശം കോസ്റ്റൽ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തണം എന്ന ആവശ്യമുയർത്തിയാണ് സമരം. 

വിഷയ സംബന്ധമായി ഭരണസമിതി യോഗത്തിൽ  ഐക്യകണ്ഠേന പ്രമേയം പാസാക്കുകയും തുടർന്ന് വില്ലേജ് താലൂക്ക് സഭകളിൽ വിഷയം ഉന്നയിക്കുകയും തഹസിൽദാർ കളക്ടർ എന്നിവരെ നേരിൽകണ്ട് നിവേദനം നൽകുകയും ചെയ്തതിനു ശേഷവും ഉചിതമായ പരിഹാരം ലഭിക്കാത്തതിനെ തുടർന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം ബി രാജേഷിനെയും ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും  നേരിൽകണ്ട് പരാതി സമർപ്പിച്ചു. മുഖ്യമന്ത്രിക്കുള്ള പരാതിയൂം  സമർപ്പിച്ചു. ഭരണപ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാ മെമ്പർമാരെയും ഉൾപ്പെടുത്തി ഗുരുവായൂർ എംഎൽഎയുടെ സാന്നിധ്യത്തിലാണ് പരാതികൾ നൽകിയത്. എന്നിട്ടും  പരിഹാരമോ ഉചിതമായ മറുപടിയോ അധികൃതരുടെ ഭാഗത്തുനിന്ന് ലഭ്യമായിട്ടില്ല. അതിഗുരുതരമായ ഇത്തരമൊരു സാഹചര്യത്തിലാണ് കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി സമര രംഗത്തേക്ക് ഇറങ്ങാൻ നിർബന്ധിതരായതെന്ന് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സമരങ്ങളുടെ ആദ്യഘട്ടം എന്ന നിലക്കാണ് ജനകീയ സമര സദസ്സ് സംഘടിപ്പിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ സമര സമിതി രൂപീകരിച്ച് തുടർപരിപാടികൾ ആവിഷ്കരിക്കും. 

പഞ്ചായത്ത്‌ പ്രസിഡന്റ് സ്വാലിഹ ഷൌക്കത്ത്, വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വി മൻസൂർ അലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.