എം എൽ എ യാണ് താരം ഗുരുവായൂർ മേൽപ്പാലം പത്തിൽ ഫസ്റ്റ് – അവസാന ബസ്സും പോയിക്കഴിഞ്ഞ് എം പി യുടെ ബോധോദയം
ഗുരുവായൂർ : റെയിൽവേ മേൽപ്പാലം പണി പൂർത്തീകരിച്ചതിന് പിന്നിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലം. കേരള ബജറ്റിൽ 2500 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ച പത്തു മേൽപ്പാലങ്ങളിൽ ഉദ്‌ഘാടനത്തിന് തയ്യാറായ ആദ്യ മേൽപ്പാലമാണ് ഗുരുവായൂർ മേൽപ്പാലം. 2021 നവംബർ നാലുമുതൽ 2023 നവംബർ വരെ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് എം എൽ എ ഇരുപത്തിയാറോളം യോഗങ്ങളാണ് വിളിച്ചു ചേർത്തത്. മേൽപ്പാല നിർമ്മാണ ചുമതലയുള്ള റോഡ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷൻ കേരള (RBDCK) ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി, ബി എസ് എൻ എൽ, ഗുരുവായൂർ നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഒരുമിച്ചിരുത്തിയാണ് നിർമ്മാണ അവലോകനം നടത്തിയിരുന്നത്. എൻ കെ അക്ബറിന്റെ അധ്യക്ഷതയിൽ ഓരോ മാസവും നിർമ്മാണ പുരോഗതി വിലയിരുത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുവന്നു.
2021 നവംബർ പത്തിനു നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും 2021 ഡിസംബർ 3ന് 12.30 മുഹൂർത്തത്തിൽ ഹൈഡ്രോളിക് റിഗിന്റെ പൂജ നടത്തി പാലത്തിന്റെ പണി ആരംഭിച്ചു. 2022 ആഗസ്റ്റിൽ പൂർത്തികരിക്കുമെന്ന് നിർമ്മാണ ഏജൻസിയായ ആർബിഡിസികെ പ്രതിനിധികൾ അന്ന് യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു. പത്തുമാസത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്ന് പറഞ്ഞു തുടങ്ങിയ മേൽപ്പാലം നിർമ്മാണം എല്ലാ കടമ്പകളും കടന്നു 23 മാസങ്ങൾക്ക് ശേഷം ഉദ്‌ഘാടനത്തിന് ഒരുങ്ങുന്നു. പൈലിംഗ് മുതൽ ഉദ്ഘാടനം വരെയും ചുക്കാൻ പിടിച്ച എൻ കെ അക്ബർ എം എൽ എ ക്കും രണ്ടുവർഷക്കാലം ഗതാഗത തടസ്സങ്ങൾ സഹിക്കുകയും ക്ഷമിക്കുകയും ചെയ്ത നാട്ടുകാർക്കും അഭിമാനവും ആഹ്ലാദവും നൽകുന്ന ദിനമാണ് പാലം തുറന്നു നൽകുന്ന നവംബർ 14.
ഒന്നാം പിണറായി സർക്കാറിന്റെ അവസാനത്തിൽ ഇലക്ഷൻ മുന്നിൽ കണ്ട് 2021 ജനുവരി 23 നാണ് മേൽപ്പാല നിർമ്മാണത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. മുഖ്യമന്ത്രി പിണറായിവിജയൻ ഓൺലൈനായാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. ടി എൻ പ്രതാപൻ എം പി ചടങ്ങിൽ മുഖ്യഥിതിയായിരുന്നു. അന്ന് വേദിയിൽ നിന്നും ഇറങ്ങിയ എം പി ടി എൻ പ്രതാപൻ പാലം ഉദ്ഘാടനം പ്രഖ്യാപിച്ചപ്പോഴാണ് ഈക്വൽ ഷെയർ ബോധോദയവുമായി രംഗത്ത് വരുന്നത്. നിർമാണോദ്ഘാടന സമ്മേളനം കഴിഞ്ഞു പോയ എം പി പിന്നീട് ഗുരുവായൂർ മേൽപ്പാലത്തെ കുറിച്ച് സംസാരിക്കുന്നത് പാലത്തിൽ കയറി നിന്നാണ്. ഗുരുവായൂരിനെ രാജ്യത്തെ തന്നെ പ്രധാന തീർത്ഥാടക മാതൃകാ നഗരമാക്കാൻ അമൃത് പ്ലസ് പദ്ധതി നടപ്പിലാക്കുമെന്നും തിരുവെങ്കിടം അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സഹായം അനുവദിക്കുമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ടി എൻ പ്രതാപൻ എം പി അന്ന് പറഞ്ഞിരുന്നു.
കെ വി അബ്ദുൽഖാദർ എം എൽ എ ആയിരിക്കെ 2016 ലാണ് ഗുരുവായൂർ മേൽപ്പാലം എന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കുന്നത്. 2017 നവംബറിൽ ഗുരുവായൂർ ഉൾപ്പെടെ പത്തു മേൽപ്പാലങ്ങൾ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതിയായി. 2021 വരെയുള്ള കാലയളവിൽ ലാൻഡ് അക്വിസിഷൻ, പ്ലാൻ സബ്മിഷൻ, എസ്റ്റിമേറ്റ്, ടെൻഡർ തുടങ്ങിയ സങ്കീർണ്ണവും സമയനിഷ്ടയുമില്ലാത്ത നീണ്ട ഒരു പ്രോസസ്സിന് ശേഷമാണ് 2021 ൽ പണിതുടങ്ങാനായത്. ഗുരുവായൂർ കിഴക്കേ നടയിലെ റെയിൽവേ ക്രോസിനു മുകളിലൂടെ മഞ്ജുളാലിനു മുന്നിലെ പെട്രോൾ പമ്പു വരെ 550 മീറ്റർ നീളവും 10.15 മീറ്റർ വീതിയിലുമാണ് മേൽപ്പാലം. ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാതയുമുണ്ട്. 33 കോടി രൂപയാണ് നിർമാണച്ചെലവ്.
അഞ്ചു സ്പാനുകളും 22 ഗർഡറുകളുമാണ് പാലത്തിനുള്ളത്. ഇതിൽ ഒരു സ്പാൻ റെയിൽവേ പാളത്തിനു മുകളിൽ വരും. നാലു സ്പാൻ ആർ ബി ഡി സി കെ യും ഒരു സ്പാൻ ഇന്ത്യൻ റെയിൽവേയുമാണ് നിർമ്മിക്കുന്നത്. റെയിൽവേ നിയമമനുസരിച്ച് നിലവിലുള്ള റോഡ് ക്രോസ്സ് ചെയ്ത് റെയിൽ പാളം നിർമിച്ചിടത്ത് മേൽപ്പാലം പണിയുകയാണെങ്കിൽ നിർമ്മാണ ചിലവിന്റെ പകുതി പിന്നീട് റെയിൽവേയിൽ നിന്നും ലഭിക്കും. 2017 ൽ കേരള സർക്കാർ അനുവദിച്ച പത്ത് മേൽപ്പാലങ്ങളിൽ ( ഒരു പാലം തടസ്സങ്ങൾ മൂലം പദ്ധതിയിൽ നിന്നും പുറത്തായി ) ഗുരുവായൂർ ഉൾപ്പെടെ ആറു പാലങ്ങൾ ഇത്തരത്തിലുള്ളതാണ്.
Comments are closed.