ചാവക്കാട്: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ എം.എസ്.എസ് ഖത്തർ ചാപ്റ്റർ സംസ്ഥാന കമ്മിറ്റി മുഖേന നടപ്പിലാക്കി വരുന്ന ഭക്ഷ്യ കിറ്റുകളുടെ തൃശ്ശൂർ ജില്ലാതല വിതരണോദ്ഘാടനം ചാവക്കാട് യൂണിറ്റ് ഭാരവാഹികൾക്ക് നൽകി എം.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് സി.പി കുഞ്ഞിമുഹമ്മദ്, എം.എസ്.എസ്. ഖത്തർ ചാപ്റ്റർ സിക്രട്ടറി എൻ.ഇ അബ്ദുൾ അസീസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ജനങ്ങൾ ഏറെ പ്രയാസവും, ബുദ്ധിമുട്ടും അനുഭവിക്കുന്ന മഹാമാരിയുടെ ഈ കാലഘട്ടത്തിൽ എം.എസ്.എസ് സംസ്ഥാനത്തുടനീളം നടത്തി വരുന്ന റിലീഫ് പ്രവർത്തനങ്ങളും, സേവന പ്രവർത്തനങ്ങളും പാവപ്പെട്ടവർക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്.

എം.എസ്.എസ് ൻ്റെ ഗൾഫ് യൂണിറ്റുകൾ വലിയ സംഭാവനയാണിക്കാര്യത്തിൽ നൽകിയിട്ടുള്ളതെന്നും എം.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് സി.പി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. കേരളം നേരിട്ട രണ്ട് പ്രളയകാലത്തും എം.എസ്.എസ് ൻ്റെ ഇടപെടൽ ആർക്കും വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാവക്കാട് എം.എസ്.എസ് സെൻ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ടി.എസ്.നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.കെ.അബ്ദുൽ കരീം, ജില്ലാ സെക്രട്ടറി എ കെ അബ്ദുറഹിമാൻ, ട്രഷറർ എം.പി. ബഷീർ, നൗഷാദ് തെക്കുംപുറം, ഹാരീസ് കെ മുഹമ്മദ്, കെ.എസ്.എ. ബഷീർ, ഹക്കീം ഇംബാറക്ക്, അഡ്വ: കെ.എ.ഷറഫുദ്ദീൻ, ഏ.വി.അഷ്റഫ്, പി.കെ. സൈതാലിക്കുട്ടി, ഉമ്മർ തിരുനെല്ലൂർ എന്നിവർ സംസാരിച്ചു.

ജില്ലയിലെ എം.എസ്.എസ് യൂണിറ്റുകൾ മുഖേന അർഹതപ്പെട്ടവരെ കണ്ടെത്തിയാണ് കിറ്റുകൾ വീട്ടിലെത്തിക്കുന്നത്.