കടപ്പുറം പഞ്ചായത്തിലെ റഹ്മാനിയ മസ്ജിദും ഖബർസ്ഥാനും സംരക്ഷിക്കണം – തീരദേശ ഹൈവേയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് എം എൽ എ കത്ത് നൽകി

ചാവക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ റഹ്മാനിയ മസ്ജിദും ഖബർസ്ഥാനും സംരക്ഷിക്കുന്ന രീതിയിൽ തീരദേശ ഹൈവേയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് എൻ. കെ. അക്ബർ എം എൽ എ കത്ത് നൽകി.
റഹ്‌മാനിയ ജുമാമസ്ജിദും ഖബര്‍സ്ഥാനും ഉള്‍പ്പെടുന്ന പ്രദേശത്ത് കൂടെയാണ് നിലവിൽ തീരദേശ ഹൈവേ കടന്നുപോകുന്നത്. ഈ പ്രദേശം ഉപദ്വീപാണ്. മത്സ്യതൊഴിലാളികളും അനുബന്ധ മത്സ്യതൊഴിലാളികളും താമസിക്കുന്ന ഈ പ്രദേശത്തെ ഏക ജുമാമസ്ജിദാണ് റഹ്‌മാനിയ ജുമാമസ്ജിദ്. റഹ്‌മാനിയ ജുമാമസ്ജിദിന്റെ ഖബര്‍സ്ഥാന്‍ അടക്കമുള്ള ഭാഗങ്ങള്‍ തീരദേശ ഹൈവേയുടെ ഭാഗമാകുന്നതോടെ ഇവിടെയുള്ള ആയിരത്തിലധികം വരുന്ന കുടുംബങ്ങള്‍ക്ക് ശവസംസ്‌കാരം നടത്തുന്നതിന് സാധിക്കാതെ വരും. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ എം എൽ എ യുമായി തങ്ങളുടെ ആശങ്ക പങ്കുവെച്ചിരുന്നു. തീരദേശ ഹൈവേയുടെ അലൈന്‍മെന്റ് റഹ്‌മാനിയ പള്ളിയുടെ ഭാഗത്ത് നിന്നും കുറച്ച് കിഴക്കോട്ട് മാറ്റണമെന്ന് പള്ളി കമ്മിറ്റിയും മഹല്ല് നിവാസികളും എം എൽ എ യോട് അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്നാണ് ഈ മേഖലയിലെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് എൻ കെ അക്ബർ എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയത്.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ തീരദേശ ഹൈവേയുടെ കല്ലിടല്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ഏകദേശം പകുതിഭാഗവും തീരദേശ ഹൈവേ കടന്നുപോകുന്നത് (25 കിലോമീറ്ററോളം) ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലാണ്.

Comments are closed.