Header

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നു സംശയിച്ച് തെക്കഞ്ചേരിയിൽ തമിഴനെ ഓടിച്ചിട്ട് പിടികൂടി

ചാവക്കാട് : കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നു കരുതി നാലംഗ തമിഴ് സംഘത്തിലെ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട്‌ പിടികൂടി. ഇന്ന് ഉച്ചതിരിഞ്ഞ് ചാവക്കാട് തെക്കഞ്ചേരിയിലാണ് സംഭവം.

ഇന്ന് രാവിലെ മുതൽ നാലംഗ തമിഴ് സംഘം തേക്കാഞ്ചേരി മേഖലയിൽ വീടുകളിൽ കയറി ഇറങ്ങിയിരുന്നു. പൊട്ടിയ പ്ലാസ്‌റ്റിക് ബക്കറ്റുകൾ ഒട്ടിക്കുകയും ചെരിപ്പ് തുന്നി നൽകുകയും ചെയ്യുന്നവരാണ് സംഘത്തിലെ അംഗങ്ങൾ.

ഇതിനിടെ സംഘം തെക്കഞ്ചേരി മദ്രസ്സയുടെ പരിസരത്ത് വെച്ച് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരിയുടെ കൈപിടിച്ചെന്നും ഇത് കണ്ട കൂടെയുണ്ടായിരുന്ന മുതിർന്ന കുട്ടി രണ്ടുവയസ്സുകാരിയെ തന്നോട് ചേർത്ത് പിടിച്ചെന്നും പറയുന്നു. പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്ന വാർത്ത പരക്കുകയും നാട്ടുകാർ രംഗത്തിറങ്ങുകയും ചെയ്തു.

ഇതിനിടെ തമിഴ് സംഘത്തിലെ മൂന്നുപേർ രക്ഷപ്പെടുകയും ഒരാൾ ഒറ്റപ്പെടുകയും ചെയ്തു. വേഗത്തിൽ നടന്നുവരുന്ന അപരിചിതനായ തമിഴനെ കണ്ട് കിണറ്റിനരികിൽ നിന്നിരുന്ന ഒരു കുടുംബിനി മാല പൊട്ടിക്കാൻ വരുന്നവരാണെന്ന് കരുതി ബഹളം വെച്ചതോടെ ഇയാൾ ഓടുകയും കുറ്റക്കാട്ടിൽ ഒളിക്കുകയും ചെയ്തു. പിന്നീട് നാട്ടുകാർ തിരച്ചിൽ നടത്തുകയും പുല്ലുകൾക്കിടയിൽ ഒളിച്ചിരുന്ന തമിഴനെ പിടികൂകയും ചാവക്കാട് പോലീസിൽ ഏല്പിക്കുകയും ചെയ്തു.

പോലീസ് അന്വേഷണത്തിൽ നിരപരാധിയാണെന്ന് കണ്ട് ഇയാളെ സ്റ്റേഷനിലെത്തിയ ബന്ധുവിനോടൊപ്പം വിട്ടയച്ചു.

ആഴ്ച്ചകൾക്ക് മുൻപ് തെക്കഞ്ചേരിയിൽ വീട് കുത്തിതുറന്ന് മോഷണത്തിനു ശ്രമിക്കുന്നതിനിടെ മൂന്നംഗ തമിഴ് സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഇത്തരം സംഘങ്ങളെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. നാട്ടുകാർ ജാഗ്രതോയോടെയാണ് കഴിയുന്നതും.

കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പിടിച്ചെന്ന സൗണ്ട് ക്ലിപ്പും വീഡിയോ യും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

thahani steels

Comments are closed.