ചാവക്കാട് തെക്കൻ പാലയൂരിൽ ടോറസ് ലോറി പാടത്തേക്ക് മറിഞ്ഞു; 7 മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം തുടരുന്നു

ചാവക്കാട്: ചാവക്കാട് നഗരസഭ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തെക്കൻ പാലയൂർ ചക്ക്യേത്ത് റോഡിൽ കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വഴിതെറ്റി ഈ റോഡിലേക്ക് പ്രവേശിച്ച 9 യൂണിറ്റ് കരിങ്കൽ കയറ്റിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ സംരക്ഷണഭിത്തി തകർത്താണ് ലോറി പാടത്തേക്ക് ചരിഞ്ഞത്. പെരുവല്ലൂർ സ്വദേശി ഡിജിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ടോറസ് ലോറി.അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും വൈദ്യുതി തടസ്സവുമുണ്ടായി. മൂന്ന് ജെ.സി.ബികളും ഒരു കൂറ്റൻ ക്രെയിനും ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ലോറി ഉയർത്താനുള്ള ശ്രമം മണിക്കൂറുകളായി തുടരുകയാണ്. എന്നാൽ അപകടം നടന്ന് 7 മണിക്കൂർ പിന്നിട്ടിട്ടും ലോറി പൂർണ്ണസ്ഥിതിയിലാക്കാൻ സാധിച്ചിട്ടില്ല. ഭാരമേറിയ കരിങ്കല്ല് കയറ്റിയിരിക്കുന്നതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നത്.സംഭവസ്ഥലം ചാവക്കാട് നഗരസഭ അധികൃതരും പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.വാർഡ് കൗൺസിലർ ആരിഫ് പാലയൂർ, പൊതുപ്രവർത്തകരായ നൗഷാദ് തെക്കുംപുറം, അനീഷ് പാലയൂർ, സാദിക്ക് കെ.എം, നാട്ടുകാരായ ഫിറോസ്, അഷ്‌റഫ്, ഷാജഹാൻ, അഷ്‌റഫ് സഖാഫി എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ലോറിയിലെ കരിങ്കല്ലുകൾ ഭാഗികമായി മാറ്റിയ ശേഷം വാഹനം റോഡിലേക്ക് കയറ്റാനുള്ള ശ്രമത്തിലാണ് അധികൃതരും നാട്ടുകാരും.


Comments are closed.