Header

ഓർമ മരം നട്ടും സമരതൈ നട്ടും ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നാടെങ്ങും വൃക്ഷതൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, ജനപ്രതിനിധികൾ എന്നിവർ മുൻകയ്യെടുത്ത് പൊതു സ്ഥലങ്ങളിലും സ്വകാര്യ ഭൂമിയിലുമായി ആയിരക്കണക്കിന് വൃക്ഷതൈകളാണ് ഇന്ന് നട്ടത്. സമരതൈ നട്ട് എൻ എച്ച് ആക്ഷൻ കൗൺസിലും പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദിയുടെ പേരിൽ ഓർമ്മ മരം നട്ട് വെൽഫെയർ പാർട്ടിയും പരിസ്ഥിതി ദിനം ആചരിച്ചു.

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ച് കടപ്പുറം ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടു

കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ പൊതുസ്ഥലങ്ങളിൽ ആയിരം വൃക്ഷ തൈകൾ നട്ടാണ് ഇപ്രാവശ്യത്തെ പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി പി മൻസൂർ അലി, സാലിഹ ഷൗക്കത്ത്, ശുഭ ജയൻ മെമ്പർമാരായ മുഹമ്മദ്‌ നാസിഫ്, ബോഷി ചാണശ്ശേരി, അബ്ദുൽ ഗഫൂർ, സമീറ ഷെരീഫ്, മുഹമ്മദ്‌ പി എ, ടി.ആർ ഇബ്രാഹിം, റാഹില വഹാബ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സാജിത, അക്കൗണ്ടന്റ് ഷെമീം, എഞ്ചിനീയർ നാദിയ, തൊഴിലുറപ്പ് തൊഴിലാളികളായ ശാന്ത ബാലൻ, സുലോചന എന്നിവർ പങ്കെടുത്തു.

തുടർന്ന് ഗ്രാമ പഞ്ചായത്ത് ജീവനക്കാരുടെയും നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസും പരിസരവും ശുചീകരിച്ചു.

തിരുവത്ര : പരിസ്ഥിതിയെ മറന്നുള്ള വികസന കാഴ്ചപ്പാട് മാനവ രാശിക്ക് ആപത്താണെന്ന് എൻ.എച്ച. ആക്ഷൻ കൗൺസിൽ മണ്ഡലം ചെയർമാൻ വി.സിദ്ധീഖ് ഹാജി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആക്ഷൻ കൗൺസിൽ തിരുവത്രയിൽ സംഘടിപ്പിച്ച സമര തൈ നടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പരിസ്ഥിതി സംരക്ഷിക്കാനെന്ന പേരിൽ പരിസ്ഥിതി ദിനത്തിൽ നാടെങ്ങും മരങ്ങൾ നട്ട് പിടിപ്പിക്കുമ്പോൾ അശാസ്ത്രീയമായ വികസനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു മരങ്ങൾ മുറിച്ചു മാറ്റുന്നത് വിരോധാഭാസാമാണെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ പതിനായിരക്കണക്കിനു കുടുംബങ്ങളെ കുടിയിറക്കുകയും ലക്ഷക്കണക്കിനു മരങ്ങൾ മുറിച്ച് മാറ്റപ്പെടുകയും ചെയ്യുന്ന സർക്കാരിന്റെ വികസന കാഴ്ചപ്പാട് പുന:പരിശോധിക്കണമെന്ന് പരിസ്ഥിതി ദിന കൂട്ടായ്മ ആവശ്യപ്പെട്ടു.

കമറു പട്ടാളം, സി.ആർ. ഉണ്ണികൃഷ്ണൻ, ഉസ്മാൻ അണ്ടത്തോട്, സി. ഷറഫുദീൻ എന്നിവർ പങ്കെടുത്തു.

ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദിയുടെ സ്മരണക്കായി “ഓർമ്മ മരം” നട്ടു.

ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ ഇപ്പോൾ തണലായി നിൽക്കുന്ന വൃക്ഷങ്ങൾ നട്ടുവളർത്തിയ പ്രകൃതി സ്നേഹിയായ അലിഫരീദിയാണ്. അദ്ദേഹത്തിന്റെ ഓർമക്കായ് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി. ആർ. ഹനീഫ യുടെ നേതൃത്വത്തിൽ ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ അദ്ദേഹം നട്ട മരങ്ങളുടെ എതിർ വശത്തായി വേപ്പ് മരം നട്ടു.

പാർട്ടി മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, ഒ. കെ. റഹീം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ചാവക്കാട് : പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ചാവക്കാട് മഹാത്മകൾച്ചറൽ സെൻ്ററിൽ വൃക്ഷതൈകൾ നട്ടു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ ഉൽഘാടനം ചെയ്തു. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മരങ്ങളും തണ്ണീർ തടങ്ങളും വെട്ടിമാറ്റി പ്രകൃതിക്ക് ഗുരുതരമായ മുറിവുകൾ സമ്മാനിക്കുന്ന സാഹചര്യത്തിൽ പ്രകൃതിയെ തിരിച്ച് പിടിക്കാൻ ലോക പരിസ്ഥിതി ദിനത്തിന് കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

ജമാൽ താമരത്ത്, നവാസ് തെക്കുപുറം, അനീഷ്‌ പാലയൂർ തുടങ്ങിയവർ പങ്കെടുത്തു.

ഗുരുവായൂർ : ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ സി.എൽ.സിയുടെ നേതൃത്വത്തിൽ 101 ഫലവൃക്ഷതൈകളാണ് നട്ടത്. വികാരി ഫാ.സെബി ചിറ്റിലപ്പിള്ളി ‘സേവ് നേച്ചർ’ പദ്ധതി ഉദ്ഘാടനം ചെയ്തു.

സിസ്റ്റർ അന്ന കുരുതുകുളങ്ങര, സി.എൽ.സി പ്രസിഡൻറ് ജെബിൻ ജാക്‌സി, ടി.ജെ. ജെസ്‌ലിൻ മരിയ, അഞ്ജന ലാസർ, എബിൻ തോംസൺ, ഇ. ജെ. മേരി കാർമൽ, എവിൻ ജോർജ്, പി. ജെ. ഹെയ്ൻസ്, പ്രജ്യോതി ജെ. പുത്തൂർ എന്നിവർ സംസാരിച്ചു.

മണത്തല : ചാവക്കാട് മുനിസിപ്പാലിറ്റി 21-ആം വാർഡ് കൗൺസിലർ കെ വി രഞ്ജിത്കുമാറിന്റെ നേതൃത്വത്തിൽ കേരള മൈതാനിയിൽ വൃക്ഷതൈകൾ നട്ടു.

ചടങ്ങിൽ പ്രകാശൻ, അഡ്വ.ഐവി റോസ്, എത്തിക്ക്, എക്ത, സജീഷ് കെ എസ് എന്നിവർ പങ്കെടുത്തു. നമ്മളാൽ കഴിയും വിധം മരങ്ങൾ നട്ട് അവയെ സംരക്ഷിക്കുമെന്നും, പ്രകൃതിയെ മലിനമാക്കാതെ സംരക്ഷിക്കുമെന്നും പ്രതിജ്ഞ എടുത്തു.

thahani steels

Comments are closed.