തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എ.ഐ.ടി.യു.സി മാർച്ചും ധർണയും നടത്തി

ചാവക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ നിന്നും ആരംഭിച്ച മാർച്ച് കുണ്ടലിയൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ അവസാനിച്ചു. തുടർന്ന് നടന്ന ധർണ്ണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു.തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത തകർക്കുന്ന നിലപാടുകളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന പരിഷ്കാരങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എ.എം. സതീന്ദ്രൻ അധ്യക്ഷത വഹിച്ചു.

സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി സി.വി. ശ്രീനിവാസൻ, ജില്ലാ കമ്മിറ്റി അംഗം പി.കെ. രാജേശ്വരൻ, കിസാൻ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ടി. പ്രവീൺ പ്രസാദ്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേവ്യർ പുലിക്കോട്ടിൽ, എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിനിഷ് ചില്ലിക്കൻ എന്നിവർ സംസാരിച്ചു.എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം പി.എസ്. സജീവൻ സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം വി.എം. മനോജ് നന്ദിയും പറഞ്ഞു.

Comments are closed.