ഗുരുവായൂരിൽ വിജയപ്രതീക്ഷയോടെ സി എച്ച് റഷീദ്

ചാവക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന 7000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടക്കാൻ ഇടതുപക്ഷത്തിന് ആവില്ല എന്നാണ് യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്. ഒരുമനയൂർ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തുകളിലും ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. ചാവക്കാട്, ഗുരുവായൂർ നഗരസഭകളിൽ ഇടതുമുന്നണി ലീഡ് ചെയ്യുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ.സ്ഥാനാർത്ഥി സി എച്ച് റഷീദിന്റെ മണ്ഡലത്തിൽ ഉടനീളമുള്ള വിപുലമായ വ്യക്തി ബന്ധങ്ങൾ, വിവിധ ജാതി മത സമുദായ സംഘടനകമായുള്ള അടുപ്പം എന്നിവയാണ് കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി സ്വദേശിയായ സി എച്ച് റഷീദിന്റെ പ്ലസ് പോയിൻറ്. ചരിത്രമാണ് ഗുരുവായൂരിലെ സി എച്ച് റഷീദിന്റെ ഇഷ്ട വിഷയം. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ റഷീദ് ചാവക്കാടിന്റെയും ഗുരുവായൂരിന്റെയും പ്രാദേശിക ചരിത്രത്തെ ആഴത്തിൽ പഠിച്ച വ്യക്തിയാണ്. രാഷ്ട്രീയ വിവാദങ്ങളെക്കാൾ അരനൂറ്റാണ്ട് കാലത്തെ ഗുരുവായൂരിന്റെ രാഷ്ട്രീയ ചരിത്രവും വികസന ചരിത്രവുമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷീദിന്റെ പ്രധാന ആയുധം.കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടന മണ്ഡലമാണ് ഗുരുവായൂർ. നൂറ്റാണ്ടുകളായി വിദേശ സഞ്ചാരികൾ എത്തിയ ചാവക്കാടിന്റെ മണ്ണിൽ ചരിത്രം അറിഞ്ഞുള്ള വേറിട്ട തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് റഷീദ് നിർവഹിക്കുന്നത്. ചേറ്റുവ കോട്ടയും തോമാശ്ലീഹായുടെ കേരളത്തിലേക്കുള്ള വരവും ഈ നാടിൻറെ പൈതൃകവും എല്ലാം സംസാരത്തിൽ കടന്നുവരും. ഒരു ദിവസം കാണുന്ന വോട്ടർമാരുടെ എണ്ണമാണ് വലുത് എന്നാണ് റഷീദിന്റെ നിലപാട്. അതിനാൽ തന്നെ പുലർച്ചെ അഞ്ചുമണിയോടെ റഷീദ് വോട്ടർമാരെ നേരിൽ കണ്ടു തുടങ്ങും. അത് പാതിരാ വരെ നീളും. മോർണിംഗ് വാക്ക് വിത്ത് സി എച്ച്, യൂത്ത് വൈബ്, പെൺ കരുത്ത് തുടങ്ങി വ്യത്യസ്തമായ യു ഡി എഫ് പ്രചരണ പരിപാടികളിൽ വിശ്രമമില്ലാതെ ഓടി നടക്കുകയാണ് സ്ഥാനാർഥി. യു ഡി എഫ് സംവിധാനം ഐക്യത്തോടെ പ്രവർത്തിക്കുമ്പോഴേല്ലാം ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫ് മുന്നണി വൻ വിജയം നേടുന്നതാണ് ചരിത്രം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ഫലം അതിനു തെളിവാണ്. യു ഡി എഫ് ഒറ്റക്കെട്ടായി നിന്നിടത്തൊക്കെ വൻ വിജയമാണ് ഉണ്ടാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫ് ഒറ്റക്കെട്ടായി ആവേശത്തോടെ പ്രവർത്തിക്കുന്നതാണ് നിലവിലെ ചിത്രം. റിസൾട്ടിനെ കുറിച്ച് ചോദിക്കുമ്പോൾ സി എച്ചിന്റെ മുഖത്ത് ഒരു ചിരിയാണ്. ആ ചിരിയിൽ ഉണ്ട് വിജയത്തെ കുറിച്ചുള്ള ആത്മവിശ്വാസം.


Comments are closed.