mehandi banner desktop

യുദ്ധം ഈ അടുക്കളകളിൽ എത്തിയില്ല : മുഹമ്മദാലിക്കും അയൽക്കാർക്കും ഗ്യാസ് ഫ്രീ

fairy tale

ചാവക്കാട്:   ഇറാൻ യുദ്ധം അടുക്കളയിൽ വരെ എത്തി, നാട്ടുകാർ പാചക വാതകത്തിനായി നെട്ടോട്ടം, എന്നാൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് പുന്നയൂർ പഞ്ചായത്തിലെ അവിയൂർ എന്ന കൊച്ചു ഗ്രാമത്തിലെ മുഹമ്മദാലിക്കും അയൽക്കാർക്കും ഒട്ടും ബേജാറില്ല.

planet fashion

നാട്ടുകാർ ഗ്യാസ് തീർന്നാൽ ഉപയോഗിക്കാൻ ഇലക്ട്രിക് അടുപ്പിനെ കുറിച്ചും, വിറകടുപ്പിനെ കുറിച്ചും ചിന്തിക്കുമ്പോൾ   പൊന്നമ്പത്തയിൽ  മുഹമ്മദാലിയും അയൽവാസികളും  പാചകത്തിന്  ഉപയോഗിച്ച്  ബാക്കിവരുന്ന ഗ്യാസ് തുറന്ന് വിടുകയാണ്‌. മുഹമ്മദാലിയുടെ ഒൻപത് വർഷമായി പ്രവർത്തിക്കുന്ന ബയോഗാസ് പ്ലാന്റിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.

പ്രവാസിയായിരുന്ന മുഹമ്മദലിയുടെ കഥ അത്ഭുതത്തോടെ മാത്രമേ കെട്ടിരിക്കാനാവൂ. ഗൾഫ് പ്രവാസം ഉപേക്ഷിച്ച് നാട്ടിൽ സ്ഥിരമാക്കിയ ഇദ്ദേഹം കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഒരു പശുവിൽ തുടങ്ങിയ സംരംഭം ഇപ്പോൾ 24 കറവപശുക്കളുള്ള  ഡയറി ഫാം ആയി മാറി. തെങ്ങ്,  നെല്ല്, പച്ചക്കറി കൃഷികളോടൊപ്പം വിവിധയിനം മാവുകളും പ്ലാവുകളും  അദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്.

രണ്ടേക്കറോളം വരുന്ന പുരയിടത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ കൃഷി. അഞ്ചേക്കർ നെൽകൃഷി വേറെയും. അതിലൊരു കോണിലാണ്  3 സെന്റിൽ 25 ക്യൂബിക് മീറ്ററിൽ കോൺക്രീറ്റ് ചെയ്ത വലിയൊരു ബയോ ഗ്യാസ് പ്ലാന്റും പണിതിട്ടുള്ളത്.  ചാണകവും മൂത്രവും മാത്രമല്ല മേഖലയിലെ അറവു ശാലകളിലെ അറവു മാലിന്യങ്ങൾ വരെ ഇതിൽ നിക്ഷേപിക്കാറുണ്ട്. ഒരു ദിവസം 100 മുതൽ 150 കിലോ വരെ മാലിന്യങ്ങൾ ഇതിൽ നിക്ഷേപിക്കും.

അഞ്ചോളം വീടുകളിലെ ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടും ബാക്കി വരുന്ന ഗാസ് തുറന്ന് വിടാറാണ് പതിവ്. പരിസരത്തെ വീടുകളിലേക്ക് പൈപ്പ് ഇട്ടാണ് ഗാസ് വിതരണം ചെയ്യുന്നത്.

മുഹമ്മദലിയുടെ കൃഷിയിൽ മാത്രമല്ല അഭ്തുങ്ങളും കൗതുകങ്ങളും നിറഞ്ഞ് നിൽക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും നമ്മെ അതിശയിപ്പിക്കും. 1989 ൽ 27 മത്തെ വയസ്സിൽ പ്രവാസിയായി ദുബായിലെത്തി. അടുത്ത വർഷം തന്നെ ഖലീഫ എന്ന പേരിൽ റെസ്‌റ്റോറന്റ് ആരംഭിച്ചു. 54 മത്തെ വയസ്സിൽ പിത്ത സഞ്ചിയിൽ കേൻസർ കണ്ടെത്തി. വയറു വേദനയാണ് ആദ്യം കണ്ടത് പിന്നീട് അത് അസഹ്യമായി അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാൻസർ കണ്ടെത്തിയത്.  തുടർന്ന്  27 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്  ചികിത്സയുടെ ഭാഗമായി 2014ൽ  നാട്ടിലെത്തി. ചികിത്സയോടൊപ്പം  വീടിനോട് ചേർന്ന രണ്ടേക്കർ ഭൂമിയിൽ കൃഷി ആരംഭിച്ചു.

നിലമ്പൂർ സ്വദേശിയായ പണിക്കാരന്റെ സഹായത്തോടെ 12 ബാഗ് തക്കാളിയും

8 ബാഗ് മുളകും കൃഷി ചെയ്താണ് തുടക്കം. രണ്ടു പേരുടെ തോളിൽ കയ്യിട്ടാണ് അന്ന് നടക്കുക. തക്കാളി വിളഞ്ഞു നിൽക്കുന്നത് കസേരയിൽ ഇരുന്ന് കാണും.

ചികിത്സയുടെ ഭാഗമായി ശരീരത്തിൽ നിന്നും പിത്തസഞ്ചി നീക്കം ചെയ്തു. ക്യാൻസറിനെ അദ്ദേഹം അതിജീവിച്ചു.  ചികിത്സയുടെയും വിശ്രമത്തിന്റെയും കാലയളവിൽ മുഹമ്മദലിയുടെ  കൃഷിയിടത്തിൽ നൂറോളം ഇനം മാവുകളും, പശുക്കളും നിറഞ്ഞു.

മൽഗോവ, കിളിച്ചുണ്ടൻ, ബദ്ദ്, പ്രിയൂർ, നീലൻ, നാം ഡോക് മായ് തായ്ലൻഡ്, ജമ്പോ റെഡ് തായ്‌ലൻഡ് തുടങ്ങിനൂറോളം ഇനം മാവുകളും, വിയറ്റ്‌നാം ഏർലി, റെഡ് ജാക്, ഗംലെസ് തുടങ്ങിയ പ്ലാവുകളും ഇദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. സന്ദർശകരിൽ കൗതുകമുണർത്തി ഒരു മരത്തിൽ തന്നെ ആറോളം ഇനം മാങ്ങ കായ്ക്കുന്ന മാവും അയിനി മരത്തടിയിൽ വളരുന്ന പ്ലാവും അദ്ദേഹം ബഡ് ചെയ്ത് തയ്യാറാക്കിയിട്ടുണ്ട്.  പേരക്ക, നെല്ലി, കുരുമുളക്, കോഴി താറാവ് തുടങ്ങിയവയും ഇതിനോടൊപ്പമുണ്ട്.

കൃഷിയുടെ ലോകത്തേക്ക് തന്നോടൊപ്പം ആദ്യം എത്തിയ  24  വയസ്സ് പ്രായമുള്ള തള്ള പശുവിനെ ഈ 65 കാരൻ ഇപ്പോഴും തന്റെ ഫാമിൽ സംരക്ഷിക്കുന്നു.

മാലിന്യത്തെ ഊർജ്ജമാക്കി മാറ്റുന്നതിലൂടെയും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലൂടെയും മുഹമ്മദാലി ഒരു മാതൃകയാവുകയാണ് ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യം മാരക രോഗത്തെ അതിജീവിച്ച് എങ്ങനെ ഒരു നാടിന് വെളിച്ചമാകുന്നു എന്നതിന് ഇതിലും നല്ല ഉദാഹരണം ഇല്ല

Comments are closed.