ശ്രദ്ധേയമായി മാംഗോ ഫെസ്റ്റും മാപ്പിളപ്പാട്ട് മത്സരവും. തങ്ങൾ ഭവൻ ആയുർസൈൻ അഞ്ചാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : പുന്നയൂർ തങ്ങൾ ഭവൻ ആയുർസൈനിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേരള മാപ്പിള കല അക്കാദമി ചാവക്കാട് ചാപ്റ്ററും ദിൽകി ആവാസ് ഓർക്കസ്ട്ര ഇടക്കഴിയൂരും സംയുക്തമായി സംഘടിപ്പിച്ച ആഘോഷപരിപാടികൾ ശ്രദ്ധേയമായി. പുന്നയൂർ തങ്ങൾ ഭവനിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായി അഖിലകേരള മാപ്പിളപ്പാട്ട് ഫൈനൽ മത്സരം, മാംഗോ ഫെസ്റ്റ്, മെഹന്ദി ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മജീബ് കടവന്തോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹുസൈൻ അൻവരി പ്രാർത്ഥന നടത്തി. കേരള മാപ്പിള കല അക്കാദമി സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ സാമൂഹ്യ പ്രവർത്തകനും പ്രതിഭാ കോളേജ് പ്രിൻസിപ്പാളുമായ അറക്കൽ ഉമർ മാസ്റ്ററെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച മറ്റു പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ആറുപേർ പങ്കെടുത്ത മാപ്പിളപ്പാട്ട് ഫൈനൽ മത്സരത്തിൽ മുഹ്സിൻ പെരിഞ്ഞനം ഒന്നാം സ്ഥാനവും, റഫീഖ് കണ്ണൂർ രണ്ടാം സ്ഥാനവും, അഷ്കർ എടക്കഴിയൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരള മാപ്പിള കല അക്കാദമി ചാവക്കാട് പ്രസിഡന്റ് മോണോ ആരിഫിന്റെ അധ്യക്ഷതയിൽ നടന്ന മത്സരവിഭാഗം പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് റസ്ലാ റഹീം ഉദ്ഘാടനം ചെയ്തു. അക്കാദമി സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പിൽ, ചാവക്കാട് ചാപ്റ്റർ സെക്രട്ടറി ആർ.വി. ബഷീർ, ട്രഷറർ ഷബീർ കല്ലയിൽ, ജലീൽ കാര്യടത്ത് തുടങ്ങിയവർ സംസാരിച്ചു.തങ്ങൾ ഭവന്റെ മുറ്റത്ത് നട്ടുവളർത്തിയ നാൽപ്പതോളം വ്യത്യസ്ത ഇനം മാവുകളിലെ മാമ്പഴങ്ങൾ ഉൾപ്പെടുത്തി നടത്തിയ മാംഗോ ഫെസ്റ്റിന്റെ ഉദ്ഘാടനം തങ്ങൾ ഭവൻ ആയുർസൈൻ ഉടമ ഫൈസൽ തങ്ങൾ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് മാമ്പഴത്തൈകൾ നട്ടുപിടിപ്പിക്കലും സുഹറ തങ്ങൾ അനുസ്മരണവും നടന്നു. സ്ത്രീകൾക്കായി മെഹന്തി, കേക്ക് മത്സരങ്ങളും അവർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി പ്രത്യേക സ്റ്റാളുകളും ഒരുക്കിയിരുന്നു. ടീംസ് ഓഫ് കൃഷ്ണാഞ്ജലി അവതരിപ്പിച്ച വീരനാട്യം, തിരുവാതിരക്കളി, ഒപ്പന തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളും വാർഷികാഘോഷത്തിന് മാറ്റുകൂട്ടി.


Comments are closed.