തൂഫാൻ @പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂൾ

തിരുവത്ര: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തെ ലഹരിവിരുദ്ധ സന്ദേശമായി മാറ്റാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സ്കൂളുകളിൽ നിന്ന് വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026’ പദ്ധതിക്ക് പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂളിൽ തുടക്കമായി. സംസ്ഥാനത്തെ പതിനേഴായിരത്തിലധികം സ്കൂളുകൾ പങ്കാളികളാകുന്ന ഈ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.സ്കൂളിൽ നടന്ന ചടങ്ങിൽ വാടാനപ്പള്ളി എക്സൈസ് സർക്കിളിലെ സിവിൽ എക്സൈസ് ഓഫീസർ പി.എ. അഫ്സൽ ഗോൾ അടിച്ചുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കായിക മാമാങ്കം സ്കൂളുകളിൽ സംഘടിപ്പിക്കുന്നത്.ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക പി.കെ. റംല ബീവി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സുഹാസ് ഷംസുദ്ദീൻ, എസ്.എം.സി ചെയർമാൻ ഹാഷിം, മദർ പി.ടി.എ പ്രസിഡന്റ് സി.എ. സാബിറ, പി.ടി.എ വൈസ് പ്രസിഡന്റ് സി.എ. അബീന, സലീം എം.കെ എന്നിവർ സംബന്ധിച്ചു.ലോകകപ്പിന്റെ ആവേശം സ്കൂൾ അങ്കണത്തിൽ നിറയ്ക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും, ഫുട്ബോൾ പ്രവചന മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു


Comments are closed.