mehandi banner desktop

അന്തിക്കാട് റോബറി : കാർ തടഞ്ഞുനിർത്തി 16.25 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യ സൂത്രധാരനെ പിടികൂടി

fairy tale

അന്തിക്കാട് : മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യു.എസ്. ഡോളർ തരാമെന്നു വിശ്വസിപ്പിച്ച് പാലക്കാട് നിന്ന് നാലുപേരെ വിളിച്ചുവരുത്തി അവർ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തല്ലിപ്പൊളിച്ച് കാറിലുള്ളവരെ വെട്ടിപ്പരിക്കേൽപ്പിച്ച് 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിൽ മുഖ്യസൂത്രധാരനായ കട്ടിങ് നബീൽ’ എന്നറിയപ്പെടുന്ന മലപ്പുറം അരീക്കോട് മുതുവലൂർ സ്വദേശി ചത്തകുണ്ടങ്ങൽ വീട്ടിൽ നബീൽ (26) ബാഗ്ലൂരിൽ നിന്നും പോലീസ് പിടിയിലായി. ഈ കേസിലെ മറ്റൊരു പ്രതിയെ 2026 ജൂൺ 22-ാം തീയതി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

planet fashion

കവർച്ചയ്ക്ക് ശേഷം ബംഗളൂരുവിലെ ആഡംബര വില്ലയിൽ കാമുകിയുമൊത്ത് കഴിയുകയായിരുന്നു നബീൽ. ബുധനാഴ്ച കാമുകിയുമൊത്ത് ദുബായിലേക്ക് കടക്കാനിരിക്കുകയായിരുന്നു. പോലീസിനെ കണ്ട് വില്ലയുടെ വാതിൽ തുറന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

സോഷ്യൽ മീഡിയ വഴി പരസ്യം നൽകി ബിനാൻസ് എക്സ്ചേഞ്ച് (Binance Exchange) വഴി ക്രിപ്റ്റോ ട്രേഡിങ് നടത്തുന്നവരെ കണ്ടെത്തി, ഇന്ത്യൻ രൂപയ്ക്ക് വളരെ കുറഞ്ഞ നിരക്കിൽ യു.എസ്. ഡോളർ ആക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പാലക്കാട് സ്വദേശികളായ ഇടപാടുകാരെ പ്രതികൾ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയത്.

തുടർന്ന് ക്രിമിനൽ സംഘത്തിലെ രണ്ട് പേർ പാലക്കാട്ടുനിന്ന് വന്നവരുടെ കാറിൽ കയറി ഇവരുടെ കൈവശം പണമുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മറ്റു സംഘാംഗങ്ങളെ വിളിച്ച് വരുത്തി ആക്രമണം നടത്തുകയായിരുന്നു. ജൂൺ 19-ന് രാത്രി 8.45 ഓടെയായിരുന്നു കവർച്ച നടന്നത്. പാലക്കാട് വിളയൂർ സ്വദേശികളായ മുഹമ്മദ് റാഫി (37), മുഹമ്മദ് അസ്ലം (38), അജിത്ത് കുമാർ (38), അബ്ദുൾ മജീദ് (42) എന്നിവർ വെളുത്ത ടാറ്റ പഞ്ച് കാറിൽ 16,25,000 രൂപയുമായി തൃപ്രയാറിലേക്ക് വരികയായിരുന്നു. ദുബായിലുള്ള നബീൽ എന്നയാൾക്ക് ബിനാൻസ് വാലറ്റിലേക്ക് യു.എസ്. ഡോളർ ക്രെഡിറ്റ് ചെയ്യുന്നതിന് പകരമായി നാട്ടിൽ കൈമാറാൻ കൊണ്ടുവന്നതായിരുന്നു ഈ തുക. തൃപ്രയാർ അമ്പലം വഴി പൈനൂർ ആമലത്ത് അമ്പലത്തിന് അടുത്തെത്തിയപ്പോൾ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ പഞ്ച് കാറിന് കുറുകേ നിർത്തി തടഞ്ഞു.

ഈ സമയം പഞ്ച് കാറിനുള്ളിൽ ഒപ്പമുണ്ടായിരുന്ന രണ്ട് പ്രതികൾ ചേർന്ന് പാലക്കാട്ടുനിന്നു വന്ന നാലുപേരുടെയും മുഖത്ത് പെപ്പർ സ്പ്രേ അടിച്ച ശേഷം പുറത്തിറങ്ങി. തൊട്ടുപിന്നാലെ ഇന്നോവ കാറിലിറങ്ങിയ സംഘം പഞ്ച് കാറിന്റെ ചില്ലുകൾ തല്ലിത്തകർക്കുകയും ഉള്ളിലുണ്ടായിരുന്നവരെ വാളുകൊണ്ട് വെട്ടിയും കമ്പിവടികൊണ്ട് അടിച്ചും ക്രൂരമായി പരിക്കേൽപ്പിച്ചു. തുടർന്ന് കാറിലുണ്ടായിരുന്ന 16,25,000/- രൂപയും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ 15 പ്രോ മാക്സ് ഫോണും കവർന്ന് പ്രതികൾ ഇന്നോവ കാറിൽ രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ മുഹമ്മദ് റാഫിയുടെ പരാതിയിൽ അന്തിക്കാട് പോലീസ് കേസെടുക്കുകയും റൂറൽ എസ്.പി. മുഹമ്മദ് നദീമുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഖ്യ സൂത്രധാരനെ പിടികൂടിയത്.

Comments are closed.