പ്രണയസാഫല്യം: മലയാളി യുവതിക്ക് താലിചാർത്തി സ്കോട്ടിഷ് എം.പി മാർട്ടിൻ ഡേ; ഗുരുവായൂരിൽ മാംഗല്യം

ഗുരുവായൂർ: നീണ്ട പത്തു വർഷത്തെ പ്രണയത്തിനും കാത്തിരിപ്പിനും സാഫല്യം കുറിച്ച് സ്കോട്ടിഷ് പാർലമെന്റ് അംഗം മാർട്ടിൻ ഡേ (55) മലയാളി യുവതി നിദിൻ ചന്ദിന് (49) താലിചാർത്തി. ഗുരുവായൂർ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ പരമ്പരാഗത ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. നിദിന്റെ 22-കാരനായ മകൻ വേദിക് ശങ്കറും ഇരുകുടുംബങ്ങളിലെ ബന്ധുക്കളും ചടങ്ങിൽ സാക്ഷികളായി.
എറണാകുളം പിറവം പാമ്പാക്കുട സ്വദേശിയായ നിദിൻ ചന്ദ് (റിട്ട. വെറ്ററിനറി ഫീൽഡ് ഓഫീസർ കെ.എൻ. ചന്ദ്രന്റെയും മുൻ ഗ്രാമപഞ്ചായത്തംഗം രാജമ്മയുടെയും മകൾ) 2008-ലാണ് ഐടി മാനേജ്മെന്റ് ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. തുടർന്ന് പിഎച്ച്ഡി ചെയ്യുന്നതിനിടെ യുകെ സർക്കാരിന്റെ വിസ നയമാറ്റം മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ വിദ്യാർഥികൾക്കായി യുകെ പാർലമെന്റിൽ നിദിൻ നടത്തിയ ഇടപെടലുകളാണ് ലിൻലിത്ഗോ ആൻഡ് ഈസ്റ്റ് ഫൽക്കീർക്ക് മണ്ഡലം എം.പിയായിരുന്ന മാർട്ടിൻ ഡേയുമായുള്ള സൗഹൃദത്തിലേക്ക് നയിച്ചത്.
2016-ൽ തുടങ്ങിയ ഈ പരിചയം പിന്നീട് പ്രണയമായി മാറി. താൻ വിവാഹമോചിതയാണെന്നും 12 വയസ്സുള്ള മകനുണ്ടെന്നുമുള്ള യാഥാർഥ്യം നിദിൻ പങ്കുവെച്ചപ്പോൾ പൂർണ്ണമനസ്സോടെ മാർട്ടിൻ ഒപ്പം നിൽക്കുകയായിരുന്നു. വിസയും ജോലിയുമില്ലാതെ നിദിൻ നേരിട്ട പ്രതിസന്ധിഘട്ടത്തിൽ മാർട്ടിന്റെ മാതാപിതാക്കളായ മാർഗരറ്റും റോണും ഇവരെ കുടുംബാംഗത്തെപ്പോലെ ചേർത്തുപിടിച്ചു. തുടർന്ന് യുകെയിലെത്തിച്ച മകൻ വേദികിന് ഉന്നതവിദ്യാഭ്യാസവും നൽകി. വേദിക് നിലവിൽ എഡിൻബറോയിൽ സീനിയർ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്ററാണ്. നിദിൻ ലിൻലിത്ഗോയിൽ മാനേജ്മെന്റ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നു.
ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വെച്ച് വിവാഹിതരാകണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. 2018, 2019, 2023 വർഷങ്ങളിൽ മാർട്ടിൻ ഇതിനായി കേരളത്തിലെത്തിയെങ്കിലും പ്രളയവും കോവിഡ് പ്രതിസന്ധികളും കാരണം വിവാഹം നീണ്ടുപോയി. ഒടുവിൽ നാലാം വരവിലാണ് ഇരുവരുടെയും സ്വപ്നം യാഥാർഥ്യമായത്.
സ്കോട്ടിഷ് നാഷണൽ പാർട്ടി (SNP) അംഗമായ മാർട്ടിൻ ഡേ ഒൻപത് വർഷത്തോളം യുകെ പാർലമെന്റംഗമായിരുന്നു. നിലവിൽ സ്കോട്ടിഷ് പാർലമെന്റിലെ ‘ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഫോർ ഇന്ത്യ’ ചെയർമാനാണ്. മാത്യു കുഴൽനാടൻ എം.എൽ.എയുടെ സ്കൂൾ സഹപാഠികൂടിയാണ് നിദിൻ.




Comments are closed.