തൊട്ടാപ്പ് കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി; തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

ചാവക്കാട്: തൊട്ടാപ്പ് ആനന്ദവാടിക്ക് സമീപം കടൽത്തീരത്ത് കരയ്ക്കടിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ കടപ്പുറത്തെത്തിയ വീശുവലക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ മുനക്കക്കടവ് കോസ്റ്റൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മഞ്ഞ ഷർട്ടും ബനിയനുമാണ് വേഷം. മാനസിക അസ്വാസ്ഥ്യമുള്ള ഒരാൾ കുറച്ചു ദിവസങ്ങളായി തീരദേശ മേഖലയിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
മുനക്കക്കടവ് കോസ്റ്റൽ എസ്.ഐ ജോബി വർഗീസ്, എ.എസ്.ഐ ജോസ്, സി.പി.ഒ അനസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുനക്കക്കടവ് കോസ്റ്റൽ പോലീസുമായി ബന്ധപ്പെടണമെന്ന് എസ്.ഐ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ: 94954 2441



Comments are closed.