കുന്നംകുളം ആർത്താറ്റ് വാഹനാപകടം; മരിച്ചത് എടക്കഴിയൂർ സ്വദേശികളായ ദമ്പതികളും മകനും

കുന്നംകുളം: ഗുരുവായൂർ – കുന്നംകുളം പാതയിൽ ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എടക്കഴിയൂർ സ്വദേശികളായ ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂർ ഖാദരിയ്യ റോഡിൽ താമസിക്കുന്ന പഞ്ചവടി സ്വദേശികളായ താഴത്ത് നൂറുദ്ധീൻ മകൻ മുനീർ (35), ഭാര്യ സഫ്‌ന (24), മകൻ എമിൽ ഐബക് (3) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മാതൃസഹോദരിയുടെ മകളുടെ കല്യാണരാവിൽ പങ്കെടുത്ത ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. യാത്രാമധ്യേ ഫോൺ കോൾ വന്നതിനെ തുടർന്ന് ഇവർ ബൈക്ക് റോഡരികിൽ നിർത്തി സംസാരിക്കുന്നതിനിടെ, അതേ ദിശയിൽ അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടിവീണത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു.ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കുന്നംകുളത്തെ ദയാ റോയൽ ആശുപത്രിയിലും മലങ്കര ആശുപത്രിയിലുമായി എത്തിച്ചെങ്കിലും മുനീറിന്റെയും സഫ്‌നയുടെയും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ചികിത്സയിലിരിക്കെയാണ് മൂന്ന് വയസ്സുകാരനായ കുട്ടി മരണത്തിന് കീഴടങ്ങിയത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. വിവരമറിഞ്ഞ് കുന്നംകുളം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.




Comments are closed.