mehandi banner desktop
Chavakkad online

പണി പൂർത്തിയായ ദേശീയപാത മന്ദലാംകുന്ന് സെന്ററിൽ അടിപ്പാത ആവശ്യം ഉന്നയിച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രമേയം

Ft

ചാവക്കാട്: ദേശീയപാത 66-ൽ മന്ദലാംകുന്ന് സെന്ററിൽ അടിപ്പാത (അണ്ടർപാസ്) അടിയന്തരമായി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം പാസാക്കി. ബ്ലോക്ക് പഞ്ചായത്ത് മന്ദലാംകുന്ന് ഡിവിഷൻ മെമ്പർ സുബൈദ പാലക്കൽ അവതരിപ്പിച്ച പ്രമേയത്തെ എം.കെ. ഷഹർബാൻ പിന്താങ്ങി.​ചാവക്കാട് – പൊന്നാനി ദേശീയപാത കടന്നുപോകുന്ന കൊച്ചന്നൂർ – മന്ദലാംകുന്ന് ബീച്ച് പി.ഡബ്ല്യു.ഡി റോഡിൽ അടിപ്പാത അനുവദിക്കാത്തത് ജനങ്ങളോടുള്ള കടുത്ത അവഗണനയാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. തൃശ്ശൂർ – മലപ്പുറം ജില്ലാ അതിർത്തിയിലെ പ്രധാന റൂട്ടായ ഈ റോഡിലൂടെയാണ് ബസുകളും ചരക്കുവാഹനങ്ങളും അടക്കം തൃശ്ശൂർ, കുന്നംകുളം, ആൽത്തറ, വടക്കേക്കാട്, ചങ്ങരംകുളം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നത്. പല പഞ്ചായത്ത് റോഡുകളിലും അടിപ്പാത അനുവദിച്ചപ്പോൾ, ഏറെ തിരക്കേറിയതും തന്ത്രപ്രധാനവുമായ ഈ പി.ഡബ്ല്യു.ഡി റോഡിനെ തഴഞ്ഞത് നീതീകരിക്കാനാവില്ലെന്ന് ഭരണസമിതി വ്യക്തമാക്കി.​ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മന്ദലാംകുന്ന് ബീച്ചിലേക്കുള്ള പ്രധാന വഴിയാണിത്. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ അടക്കം ദേശീയപാതയ്ക്ക് ഇരുവശവുമുള്ള പതിനഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും സ്കൂൾ വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കൂടാതെ, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കുള്ള ആംബുലൻസുകൾ, പുന്നയൂർ – പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, കൃഷിഭവൻ, കെ.എസ്.ഇ.ബി, വടക്കേക്കാട് പോലീസ് സ്റ്റേഷൻ, സബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. നൂറ്റാണ്ടുകളായി മന്ദലാംകുന്ന് മഹല്ല് പരിധിയിലെ കിഴക്കൻ മേഖലകളിൽ നിന്നുള്ള മയ്യിത്തുകൾ പടിഞ്ഞാറുള്ള കബർസ്ഥാനിലേക്ക് കൊണ്ടുപോകുന്നതും ഈ വഴിയിലൂടെയാണ്.​സമീപത്ത് നിലവിലുള്ള മറ്റ് അടിപ്പാതകളോട് ചേർന്നുള്ള കനോലി കനാൽ പാലങ്ങളിലൂടെ ചെറിയ വാഹനങ്ങൾക്ക് മാത്രമേ സഞ്ചരിക്കാനാകൂ എന്നതിനാൽ, വലിയ വാഹനങ്ങൾക്ക് ഈ പി.ഡബ്ല്യു.ഡി റോഡ് മാത്രമാണ് ഏക ആശ്രയം. അടിപ്പാതയ്ക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ദേശീയപാത അധികൃതർക്കും മുൻപ് നിവേദനങ്ങൾ നൽകിയിട്ടുള്ളതും, ജനപ്രതിനിധികൾ വിഷയം സഭയിലടക്കം ഉന്നയിച്ചിട്ടുള്ളതുമാണ്. ദേശീയപാതാ നിർമ്മാണം അവസാനഘട്ടത്തിലാണെങ്കിലും, പ്രദേശവാസികളുടെ ജീവന്മരണ പ്രശ്നമായ ഈ ആവശ്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് അടിപ്പാത യാഥാർത്ഥ്യമാക്കണമെന്ന് പ്രമേയത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു.

Jan oushadi

Comments are closed.