തിരുവത്ര കോട്ടപ്പുറത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം: എൻ.കെ. അക്ബർ എം.എൽ.എയ്ക്ക് നിവേദനം നൽകി

ചാവക്കാട്: ദേശീയപാത 66-ൽ കോട്ടപ്പുറത്ത് കാൽനടയാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായി ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബറിന് നിവേദനം നൽകി. നൂറുകണക്കിന് പ്രദേശവാസികളുടെ ഒപ്പുകൾ ശേഖരിച്ചാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചത്.ദേശീയപാത 66-ന്റെ നിർമ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കെ, കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനും ബസ് കയറാനും കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട ദുരവസ്ഥയാണുള്ളത്. പുത്തൻകടപ്പുറം ജുമാമസ്ജിദ്, പുതിയറ ജുമാമസ്ജിദ്, സലഫി മസ്ജിദ് തുടങ്ങിയ പ്രധാന ആരാധനാലയങ്ങളും, ഫിഷറീസ് ടെക്നിക്കൽ സ്കൂൾ, കുഫോസ് (KUFOS) സെന്റർ, ജി.എഫ്.യു.പി സ്കൂൾ, എച്ച്.ഐ.എൽ.പി സ്കൂൾ, മിനി എസ്റ്റേറ്റ്, തിരുവത്ര സഹകരണ സംഘം, പുത്തൻകടപ്പുറം ബീച്ച്, കടലാമ സംരക്ഷണ കേന്ദ്രം എന്നിവയെല്ലാം ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.ഹൈവേയ്ക്ക് സമാന്തരമായ ബേബി റോഡുമായി ബന്ധിപ്പിക്കുന്ന കോട്ടപ്പുറം-പുത്തൻകടപ്പുറം റോഡ്, നിർദ്ദിഷ്ട ചിങ്ങനാത്ത്-ഗുരുവായൂർ റോഡ് എന്നിവ സംഗമിക്കുന്നതും ഇവിടെയാണ്. പ്രദേശത്തെ നിരവധി വിദ്യാലയങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും വയോധികരുമടക്കമുള്ളവർ റോഡ് മുറിച്ചുകടക്കാൻ വലിയ പ്രയാസമാണ് നേരിടുന്നത്. ഇതിന് ശാശ്വത പരിഹാരമായി കോട്ടപ്പുറത്ത് അടിയന്തരമായി ഫുട്ട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.കൗൺസിലർമാരായ അഭിനി ശിവജി, റെമീജ ഹംസ, പി.കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് എം.എൽ.എയ്ക്ക് നിവേദനം കൈമാറിയത്. വിഷയത്തിൽ അനുകൂലമായ നടപടിയുണ്ടാകുമെന്ന് എം.എൽ.എ ഉറപ്പുനൽകി.




Comments are closed.