
വാടാനപ്പള്ളി: വാടാനപ്പള്ളി ഫസൽ നഗറിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ. മുഖ്യപ്രതി ബിൻഷാദിനെയും കൂട്ടാളി ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റയീസ് (23) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്.ന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പട്ടാമ്പിയിലെ ഒളിത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം പ്രതികളെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് സഹായിച്ച വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശി ഇരിങ്ങാത്തുരുത്തി വീട്ടിൽ ആൽവിൻഷാ (28) എന്നയാളെയും അറസ്റ്റ് ചെയ്തു.

വാടാനപ്പള്ളി ഫസൽ നഗർ ബീച്ച് സ്വദേശി ‘പോപ്പാണ്ടി സലാം’ എന്ന അബ്ദുൽസലാം (40) ആണ് ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.
37-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളുമാണ് പടിയത്ത് വീട്ടിൽ ബിൻഷാദ്. വധശ്രമക്കേസിൽ ഏഴര വർഷം തടവുശിക്ഷ ലഭിച്ച ഇയാൾ ഹൈക്കോടതിയിൽ നിന്ന് അപ്പീൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് വാടാനപ്പള്ളി റഹ്മത്ത് നഗർ സ്വദേശി മുഹമ്മദ് റാസിൽ എന്ന ബിലാൽ (18), 17 വയസ്സുള്ള രണ്ട് പേർ എന്നിവരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ഒക്ടോബർ 7-ന് രാവിലെ ആറുമണിയോടെയാണ് ഫസൽ നഗറിലെ ആളൊഴിഞ്ഞ പറമ്പിൽ അബ്ദുൽസലാമിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ക്ഷതങ്ങളും കണ്ടതിനെ തുടർന്ന് അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ നട്ടെല്ല്, വാരിയെല്ല്, അടിവയർ, നെഞ്ച് എന്നിവിടങ്ങളിലേറ്റ ഗുരുതര മർദ്ദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമായി.
കൊലപാതകത്തിന് തലേദിവസം രാത്രി ഫസൽ നഗർ ബീച്ചിലെ ആൾത്താമസമില്ലാത്ത വീട്ടിൽ അബ്ദുൽസലാം, കുപ്രസിദ്ധ ഗുണ്ടയായ ബിൻഷാദ് (37), ഇയാളുടെ മറ്റ് രണ്ട് കൂട്ടാളികൾ, രണ്ട് കൗമാരക്കാർ എന്നിവർ ഒത്തുചേർന്നിരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം കൊലപാതാകമാണെന്ന് കണ്ടെത്തിയത്.



Comments are closed.