പുന്നയൂർക്കുളം: മഴയിൽ ചോർന്നൊലിക്കുന്ന അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി. ബാബുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ മഴക്കാലത്തും ഇവിടെ ചോർച്ച അനുഭവപ്പെട്ടിരുന്നു. 2021 ൽ നിലവിലെ മെയിൻ കെട്ടിടത്തിന്റെ മുൻഭാഗത്തോട് കൂട്ടിച്ചേർത്ത് കെട്ടിടം വികസിപ്പിച്ചിരുന്നു. ഈ ഭാഗത്ത് കഴിഞ്ഞ വർഷവും ചോർച്ച അനുഭവപ്പെട്ടിരുന്നു. ചോർച്ച തടയാനുള്ള നടപടികൾ ഇതുവരെയും സ്വീകരിക്കാത്തതിനാൽ ഇത്തവണ കൂടുതൽ ഭാഗങ്ങൾ ചോർച്ച ഉണ്ടായതായി സ്ഥലം സന്ദർശിച്ച കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇലക്ഷന് മുമ്പ് ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടം ഇതുവരെയും ജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടില്ല. കഴിഞ്ഞ ഭരണ സമിതിയുടെ വീഴ്ചയും ഈ ഭരണ സമിതിയുടെ അവഗണനയുമാണ് ജനങ്ങൾ അനുഭവിക്കുന്നത്. ആരോഗ്യ വകുപ്പിനും, ഫിഷറീസ് വകുപ്പിനും, പഞ്ചായത്തിനും പരാതി നൽകുമെന്ന് നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം പ്രസിഡന്റ് പി.പി.ബാബു മറ്റു നേതാക്കളായ കമറുദ്ധീൻ, ടിപ്പു ആറ്റുപ്പുറം, ഇസ്ഹാഖ് ചാലിൽ, മായിൻ, റാഫി മാലിക്കുളം, ഹൈദർ മമ്മുകാസ്, അലി പുതുപറമ്പിൽ, ഹുസൈൻ, മുജീബ്, റഫീഖ്, അൻവർ, റമീസ് എന്നിവർ ആരോഗ്യകേന്ദ്രം സന്ദർശിച്ചു. ശക്തമായ പ്രക്ഷോഭ പരിപാടികൾ ഉണ്ടാവുമെന്നും നേതാക്കൾ അറിയിച്ചു.
Comments are closed.