
ചാവക്കാട്: പൂഞ്ഞാറിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ അതിക്രമത്തെ വർഗീയവൽകരിച്ച് പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എം എസ് എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയും മുഖ്യമന്ത്രിയുടെ ഫോട്ടോ കത്തിക്കുകയും ചെയ്തു.

ചാവക്കാട് സെന്ററിൽ നടന്ന പ്രതിഷേധ പരിപാടി മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ടി ആർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം-
ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിച്ച് മുഖ്യ മന്ത്രി രാഷ്ടീയ മുതലെടുപ്പ് നടത്തുകയാണെന്നും, എന്നാൽ പ്രബുദ്ധരായ കേരളീയ സമൂഹം ഇതിനെ തള്ളിക്കളയുമെന്നും ഇബ്രാഹിം പറഞ്ഞു. വർഗിയ പ്രസ്താവന തിരുത്തി കേരള ജനതയോട് മുഖ്യമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു
എം എസ് എഫ് ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അജമൽ സി എ അധ്യക്ഷത വഹിച്ചു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ, മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പി എം അനസ് എന്നിവർ സംസാരിച്ചു. എം എസ് എഫ് നേതാക്കളായ മിദ്‌ലാജ് വി കെ, ഷുഹൈബ് വടക്കേകാട്, ഉമർ ഹിർമാസ്, സുഹൈൽ എടക്കഴിയൂർ, ഷെനാഹ്, അഷ്ഫാഖ് എന്നിവർ നേതൃത്വം നൽകി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിഹാൽ നൗഷാദ് സ്വാഗതവും, ട്രഷറർ സബാഹ് താഴത്ത് നന്ദിയും പറഞ്ഞു.

Comments are closed.