ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും രണ്ട് സ്ത്രീകളുടെ മാല കവർന്നു. മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ ജീവനക്കാരന് പരിക്കേറ്റു. ആറന്മുള സ്വദേശി രേഖാ നായർ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലക്ഷ്മി എന്നിവരുടെ മാലകളാണ് കവർന്നത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. മൂന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ നടന്നു വരികയായിരുന്ന ലക്ഷ്മിയുടെ രണ്ടു പവന്റെ മാലയാണ് കവർന്നത്. മാല പൊട്ടിച്ച് ഓടുന്നതിനിടെ റെയിൽവേ ജീവനക്കാരൻ പിന്തുടർന്ന് മോഷ്ടാവിനെ പിടികൂടിയെങ്കിലും തള്ളിയിട്ടു രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടുന്നതിനിടയിൽ എതിരെ നടന്നുവരികയായിരുന്നു രേഖാ നായരുടെ നാലു പവന്റെ മാലയും കവർന്നു. ട്രെയിൻ വരുന്ന സമയം ആയതിനാൽ ഇരുവരും പരാതി നൽകാതെ യാത്രയായി. പിന്നീട് നാട്ടിലെത്തിയശേഷം പോലീസിൽ പരാതി നൽകി. പുലർച്ചെ മൂന്നരയോടെ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ആൾതാമസം ഇല്ലാതിരുന്ന വീട്ടിലും മോഷണശ്രമം നടന്നു. ഗുരുവായൂർ ദേവസ്വം റിട്ടയേർഡ് ജീവനക്കാരൻ പുത്തൻവീട്ടിൽ സച്ചിദാനന്ദൻറെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഓട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. സച്ചിദാനന്ദനും കുടുംബവും രണ്ടുദിവസം മുമ്പ് വീട് അടച്ച് ചാലക്കുടിയിലുള്ള മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. അടച്ചിട്ട വീട്ടിൽനിന്ന് ലൈറ്റ് കണ്ട് അയൽവാസികൾ നോക്കിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇതര സംസ്ഥാനക്കാരനാണ് മോഷ്ടാവ് എന്നാണ് സംശയം. മേഖലയിൽ കഴിഞ്ഞ ദിവസവും സമാനരീതിയിൽ മോഷണം നടന്നിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.