ശ്രീകൃഷ്ണ ജയന്തി നാളെ – ഗുരുവായൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ഗുരുവായൂർ : അഷ്ടമിരോഹിണി മഹോത്സവത്തിനുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ ദേവസ്വം ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അന്നേദിവസം രാവിലെ ആറു മുതൽ വി.ഐ.പി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. ശയനപ്രദക്ഷിണത്തിനും നിയന്ത്രണമുണ്ടാകും.അഷ്ടമിരോഹിണി ആഘോഷ നടത്തിപ്പിനായി 36.82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം അനുമതി നൽകി. വിശേഷാൽ പ്രസാദ ഊട്ടിനായി 24 ലക്ഷം രൂപയും വകയിരുത്തി. രാവിലെ ഒൻപത് മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. പാൽപ്പായസം ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഒരുക്കുക.വിശേഷാൽ കാഴ്ചശീവേലിയിൽ ദേവസ്വം ഗജവീരൻ ഇന്ദ്രസെൻ സ്വർണക്കോലമേറും. ഗോപാലകൃഷ്ണൻ, വിനായകൻ എന്നിവർ പറ്റാനകളാകും. വിവിധ മേള-വാദ്യ കലാകാരന്മാരുടെ നേതൃത്വത്തിൽ രാവിലെയും ഉച്ചയ്ക്കും രാത്രിയും പ്രത്യേക എഴുന്നള്ളിപ്പുകൾ നടക്കും.അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാടായ അപ്പത്തിന് 7.25 ലക്ഷം രൂപയുടെയും പാൽപ്പായസത്തിന് 10.8 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റുകൾ അംഗീകരിച്ചു. ഇന്ന് വൈകിട്ട് (Sep 03) 3.30 മുതൽ അപ്പം വഴിപാട് ശീട്ടാക്കാം.വിവിധ കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറും. രാത്രി 8.30ന് സാംസ്കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണവും ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. തുടർന്ന് കൃഷ്ണനാട്ടം നടക്കും.അഷ്ടമിരോഹിണി ആഘോഷവും ക്ഷേത്രദർശനവും സുഗമമാക്കാൻ ഭക്തരുടെ സഹകരണം ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും അഭ്യർത്ഥിച്ചു.




Comments are closed.