
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ മീൻകടവിൽ കനോലിപുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് പുഴയിലൂടെ ഒഴുകിനടക്കുന്ന നിലയിൽ പ്രദേശവാസികൾ മൃതദേഹം കണ്ടത്.

വിവരമറിയിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പൊലീസും വലപ്പാട്ടുനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് മൃതദേഹം കരയ്ക്കുകയറ്റിയത്. തുടർന്ന് മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച തൃപ്രയാർ പുഴയിൽ യുവാവ് മുങ്ങിത്താഴുന്നത് വഴിയാത്രക്കാർ കണ്ടിരുന്നു. ശക്തമായ അടിയൊഴുക്കിൽപ്പെട്ട് താണുപോയ ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഈ യുവാവിന്റെ മൃതദേഹമാണ് മീൻകടവിൽ കണ്ടെത്തിയതെന്നാണ് നിഗമനം.
അതേസമയം, ഞായറാഴ്ച മുതൽ വലപ്പാട്ടുനിന്ന് ഭരത് എന്ന അന്യസംസ്ഥാന തൊഴിലാളിയെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് വലപ്പാട് പൊലീസിൽ പരാതി ലഭിച്ചിരുന്നെങ്കിലും, ഇപ്പോൾ കണ്ടെത്തിയ മൃതദേഹം ഭരതിന്റേതല്ലെന്ന് പരാതി നൽകിയയാൾ വ്യക്തമാക്കിയതായി വാടാനപ്പള്ളി എസ്.ഐ അറിയിച്ചു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങളും പൊലീസ് അന്വേഷണവും തുടരുകയാണ്.



Comments are closed.