Header

ഗ്രാമീണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് ഡി സി സി സെക്രട്ടറി അഡ്വ അജിത് ഉൾപ്പെടെയുള്ളവർ – യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്

ചാവക്കാട് : ചാവക്കാട് പ്രാഥമിക കാർഷിക വികസന സഹകരണ ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർഥി വിജയിച്ചതുമായി ബന്ധപെട്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെതിരെ‌ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റേതെന്ന പേരിൽ വന്ന പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ. പ്രാദേശികമായ ഗ്രൂപ് നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഏതെങ്കിലും ജില്ലാ ഭാരവാഹികൾ നൽകുന്ന പ്രസ്താവന യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെയോ, നിയോജകമണ്ഡലം കമ്മിറ്റിയുടെയോ അറിവോടെ അല്ല. പരാതികൾ പറയേണ്ടത് പാർട്ടി ഫോറങ്ങളാണ്. പരസ്യ പ്രസ്താവനയിലൂടെയല്ല. രാജിവെച്ചൊഴിഞ്ഞ ജില്ലാ ഭാരവാഹിയുടെ അടക്കം പേരിൽ പ്രസ്താവന വിടുന്നത് ദുരൂഹമാണെന്നും, ഇത് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാണെന്നും നിയോജകമണ്ഡലം പ്രസിഡന്റ് ആരോപിച്ചു.

ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ മനപ്പൂർവമായ ശ്രമം നടത്തിയ ഡിസിസി സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത്, എ.എം അലാവുദ്ധീൻ അടക്കമുള്ള ഡിസിസി ഭാരവാഹികളുടെ കഴിവുകേട് മറച്ച് വെക്കാൻ വേണ്ടിയാണ് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത്. ഗുരുവായൂർ, പുന്നയൂർ മണ്ഡലങ്ങളിലെ 1000ലധികം വരുന്ന വോട്ടുകൾ പോൾ ചെയ്യിക്കാതെ ഔദ്യോഗിക സ്ഥാനാർഥിയുടെ പരാജയം ഉറപ്പു വരുത്തിയ ഡിസിസി ഭാരവാഹികൾക്കെതിരെ നേതൃത്വത്തിന് പരാതി നൽകുമെന്നും നിഖിൽ പ്രസ്ഥാവനയിൽ പറഞ്ഞു.

കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ്സ് നേതൃത്വം അംഗീകരിച്ച പന്ത്രണ്ടു പേർക്ക് പുറമെ മത്സരിച്ച വിമത സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി ഗോപ പ്രതാപൻ ശ്രമിച്ചെന്നാണ് യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതൃത്വത്തിലെ ചിലരുടെ ആരോപണം.
ജനറൽ വായ്പേതര വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ഡി സി സി യുടെ ഔദ്യോഗിക സ്ഥാനാർഥിയെ വിമത സ്ഥാനാർഥി അറുനൂറിൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.

ജനറൽ വായ്പേതര വിഭാഗത്തിലേക്ക് രണ്ടു പേരെയാണ് തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഒന്നാം നമ്പർ കാരനായ ബാലൻ വാറണാട്ടും, രണ്ടാം നമ്പർകാരനായ യൂസുഫ് തണ്ണിതുറക്കലുമായിരുന്നു ഔദ്യോഗിക സ്ഥാനാർഥികൾ. ഔദ്യോഗിക മാതൃക ബാലറ്റ് പേപ്പറിലും ഇവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഒന്നാം നമ്പർ ബാലൻ വാറണാട്ട് നെ ഒഴിവാക്കി വിമത സ്ഥാനാർഥിയായ മൂന്നാം നമ്പർ കാരൻ സുരേഷ് നെ ഉൾപ്പെടുത്തിയ മാതൃക ബാലറ്റ് പേപ്പർ വിതരണം ചെയ്തതിനു പിന്നിൽ ഗോപ പ്രതാപനാണെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു.

പുതിയ വിവാദങ്ങളുടെ അടിസ്ഥാനത്തിൽ അഡ്വ. ടി എസ് അജിത് ഇന്ന് ഉച്ചതിരിഞ്ഞു വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

thahani steels

Comments are closed.