പഞ്ചായത്ത് മെമ്പർക്ക് ജാതിപ്പേര് വിളിച്ച് മർദ്ദനം – നടപടിയെടുക്കാത്ത വടക്കേക്കാട് പോലീസ് നിലപാട് പ്രതിഷേധാർഹം

പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം രതീഷ് ചമ്മിണിയിലിനെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാത്ത വടക്കേക്കാട് പോലീസ് നിലപാടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഒൻപതാം തിയതി നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കേ പുന്നയൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താനെത്തിയതായിരുന്നു രതീഷ്. സി.പി.എം പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനോട് രതീഷ് പരാതിപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം വോട്ട് രേഖപ്പെടുത്തിയറങ്ങിയ രതീഷിനെ സി.പി.എം പ്രവർത്തകൻ ജാതി പേര് വിളിച്ച് മർദ്ദിച്ചതായി പറയുന്നു. ഇത് സംബന്ധിച്ച് രതീഷ് അപ്പോൾ തന്നെ വടക്കേക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നാളിതുവരെയായിട്ടും പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സിപിഎം നേതാക്കളുടെ സമ്മർദ്ദഫലമായാണെന്ന് പോലീസ് മൗനം പാലിക്കുന്നതെന്ന് യോഗം ആരോപിച്ചു. . നിരന്തരം പ്രശ്നക്കാരനായിട്ടുള്ള കുറ്റാരോപിതന് വിദേശത്തേക്ക് പോകാനുള്ള സൗകര്യത്തിനാണ് പോലീസ് വഴി വെച്ചു കൊടുക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. പോലീസിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം കൊടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.കെ ഷുക്കൂർ പറഞ്ഞു.


Comments are closed.