വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവറിൽ നിന്ന് പണം തട്ടി; വ്യാജ വിസ നൽകിയ പ്രതിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കുന്നംകുളം: വിദേശത്തെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്നും പണം തട്ടിയ കേസിൽ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് എൽ ജയന്തനാണ് പോലീസിന് നിർദ്ദേശം നൽകിയത്.

പാവറട്ടി മരുതയൂർ പൊന്നരാശ്ശേരി വീട്ടിൽ പ്രേമന്റെ മകനും വർഷങ്ങളായി ഓട്ടോറിക്ഷാ തൊഴിലാളിയുമായ നിമേഷ് ആണ് തട്ടിപ്പിനിരയായത്. ബന്ധു മുഖാന്തിരം പരിചയപ്പെട്ട മലപ്പുറം കവനൂർ കൈപ്പകശ്ശേരി പാറപ്പുറത്ത് വീട്ടിൽ സൈതലവിയാണ് തട്ടിപ്പ് നടത്തിയത്.
സൗഹൃദം നടിച്ച് വിദേശത്തെ സൂപ്പർ മാർക്കറ്റിൽ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് നിമേഷിൽ നിന്ന് പല തവണകളായി പ്രതി പണം കൈപ്പറ്റുകയായിരുന്നു. പണം വാങ്ങിയ ശേഷം വിസയും വിമാന ടിക്കറ്റും ആണെന്ന് പറഞ്ഞ് ചില കമ്പ്യൂട്ടർ പ്രിന്റുകൾ സൈതലവി നിമേഷിന് നൽകി. എന്നാൽ ഇത് പരിശോധിച്ചപ്പോഴാണ് അവയെല്ലാം കൃത്രിമമായി ഉണ്ടാക്കിയ വ്യാജരേഖകളാണെന്ന് നിമേഷിന് വ്യക്തമായത്. പിന്നീട് പല തവണ പ്രതിയുമായി ബന്ധപ്പെട്ടെങ്കിലും വിസയോ പണമോ തിരികെ നൽകാൻ ഇയാൾ തയ്യാറായില്ല.
തുടർന്ന് അഭിഭാഷകരായ സുജിത് അയിനിപ്പുള്ളി, യു എൽസ. അംബ്രയിൽ, അതുല്യ എസ്. നായർ, കെ വി നന്ദന, സുനിൽ കുമാർ, ആതിഫ്, അബ്ദുൾ ഖയ്യൂം എന്നിവർ മുഖേന നിമേഷ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി, പ്രതിക്കെതിരെ വഞ്ചനാകുറ്റം, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അടിയന്തരമായി കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു.


Comments are closed.