ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പുത്തൻകടപ്പുറം മത്സ്യ ഉണക്കൽ യൂണിറ്റ് തുറന്നില്ല; പ്രവാസലോകത്തുനിന്നും പ്രതിഷേധം, മന്ത്രിക്ക് നിവേദനം

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാത്ത പുത്തൻകടപ്പുറത്തെ മത്സ്യ ഉണക്കൽ യൂണിറ്റ് ഉടൻ തുറന്നുപ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചാവക്കാട് നഗരസഭയിലെ 32-ാം വാർഡിൽ മത്സ്യത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് സ്ഥാപിച്ച യൂണിറ്റാണ് അധികൃതരുടെ അനാസ്ഥയിൽ നോക്കുകുത്തിയായി തുടരുന്നത്. പദ്ധതി അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ദുബായിലെ സാമൂഹിക പ്രവർത്തകനും ഇൻകാസ് നേതാവുമായ സി. സാദിഖലി, മത്സ്യബന്ധന-തുറമുഖ വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂറിന് നിവേദനം നൽകി.മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മേഖലയിലുള്ളവർക്കും വലിയ സാമ്പത്തിക സഹായമാവേണ്ട പദ്ധതിയാണിത്. എന്നാൽ നിർമ്മാണവും ഉദ്ഘാടനവും പൂർത്തിയായിട്ടും യൂണിറ്റിന്റെ താഴ് തുറക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ലക്ഷങ്ങൾ മുടക്കി പണിതുയർത്തിയ കെട്ടിടം ഇപ്പോൾ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ മദ്യപാനവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ പ്രദേശവാസികൾ വലിയ ഭീതിയിലാണ് കഴിയുന്നത്.യൂണിറ്റിന്റെ ശോച്യാവസ്ഥയും പ്രദേശവാസികളുടെ ആശങ്കയും ചൂണ്ടിക്കാട്ടിയാണ് പ്രവാസലോകത്തുനിന്ന് വകുപ്പ് മന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിപ്പിച്ച് എത്രയും വേഗം യൂണിറ്റ് പ്രവർത്തനക്ഷമമാക്കണമെന്നും, സാമൂഹികവിരുദ്ധരുടെ കടന്നുകയറ്റം തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ഇൻകാസ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി. എ. നസർ, ദുബായ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, പർജീഷ് ബാലുശ്ശേരി, നദീർ ഷാ അലി അക്ബർ, അബ്ദുള്ള സിയാനി, ബൈസൽ ജോൺ എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം സമർപ്പിച്ചത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് മുതൽക്കൂട്ടാകേണ്ട ഈ പൊതുസൗകര്യം യാഥാർത്ഥ്യമാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെയും പ്രവാസി സമൂഹത്തിന്റെയും ആവശ്യം.




Comments are closed.