Header

പ്രിസിപ്പാലിനെ ആക്രമിച്ചത് വിദ്യാർത്ഥിനിയുടെ കാമുകനും കൂട്ടുകാരും – ഫീസ് കുടിശിക തീർക്കാത്തവരുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കും എന്ന് പറഞ്ഞതിനാണ് ആക്രമണം

മമ്മിയൂർ : ഫീസ് കുടിശിക തീർക്കാത്തവരുടെ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കും എന്ന് പറഞ്ഞതിനാണ് വിദ്യാർത്ഥിനിയുടെ കാമുകൻ കൂട്ടുകാരുമായി കോളേജിലെത്തി പ്രിൻസിപ്പലിനെ അക്രമിക്കാൻ കാരണമെന്ന് പോലീസ്. ഗുരുവായൂർ പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേല്പിച്ച കേസിൽ പ്രതികളായ നാലുപേരെ ഗുരുവായൂർ ടെംപിൾ പോലീസ് അറസ്റ്റു ചെയ്തു.  എളവള്ളി സ്വദേശികളായ കൊട്ടിലിങ്ങൽ മധുസൂതനൻ മകൻ മാനവ് (20), മണിച്ചാൽ ബ്രിഡ്ജിന് സമീപം എളവള്ളി വീട്ടിൽ ആനന്ദ് മകൻ അഭിജിത് (24), പെരുവല്ലൂർ സ്വദേശി പൂവൻതറ ജോഷി മകൻ യദു കൃഷ്ണ (19), കപ്പാറ സ്വദേശി വാരിയംപുള്ളി സൈനുദ്ധീൻ മകൻ റിഷാൽ ഷാനു (19). എന്നിവരെയാണ് ഗുരുവായൂർ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് രണ്ടരമണിയോടെ പ്രതികളെ കോളേജിലും പരിസരത്തും തെളിവെടുപ്പിനായി കൊണ്ടുവന്നു. ആര്യാഭട്ടാ കോളേജിലെ അധ്യാപകരുമായും ചികിത്സയിലുള്ള പ്രിൻസിപ്പൽ ഡേവിഡുമായും പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു. വന്നവഴിയും ആക്രമിച്ച രീതിയും പ്രതികൾ പോലീസിന് കാണിച്ചു കൊടുത്തു.

റിഷാൽ ഷാനു (19)വിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിലാണ് മറ്റു മൂന്നുപേർ കൃത്യ നിർവഹണത്തിന് എത്തിയത്. യദു കൃഷ്ണ (19) ബൈക്കിൽ ഇരിക്കുകയും മാനവും അഭിജിത്തുമാണു കോളേജിൽ എത്തിയത്. അഭിജിത് പുറത്ത് നിൽക്കുകയും മാനവ് കോളേജിനകത്തെ പ്രിൻസിപ്പാളുടെ റൂമിൽ കയറുകയും പേര് ചോദിച്ചു കൃത്യം നിർവഹിച്ചു ഓടി പുറത്തെത്തി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ബുധനയാഴ്ച ഫെബ്രുവരി 28 ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. കോളേജിന് അല്പം അകലെ പുന്നത്തൂർ റോഡിൽ ബൈക്കുകൾ നിർത്തി രണ്ടു പേരാണ് കോളേജിൽ എത്തിയത്. ഒരാൾ ബൈക്കിൽ തന്നെ ഇരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മാസ്ക് ധരിച്ച് കോളേജിൽ എത്തിയ പ്രതികൾ പ്രൻസിപ്പാലെ അന്വേഷിക്കുകയും ഒരാൾ പ്രിൻസിപ്പാളുടെ റൂമിൽ കയറിയ ഉടനെതന്നെ ഡേവിഡിനെ ആക്രമിക്കുകയുമായിരുന്നു. സംഭവം കണ്ട് അധ്യാപികമാർ ഒച്ചവെച്ചതോടെ ഇരുവരും ഓടി പുറത്തെത്തി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ചു നിന്ന ഡേവിഡിനെ അധ്യാപകരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.  ഡേവിഡിന്റെ നെറ്റിയിലും ചെവിക്ക് പിറകിലുമായി ഏഴു സ്റ്റിച്ചുകൾ ഇട്ടു. ഇടിക്കട്ട പോലെയുള്ള മൂർച്ചയുള്ള വള ഉപയോഗിച്ചാണ് ആക്രമിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തത്. 

സമീപ പ്രദേശത്തുള്ള സി സി  കേമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത പ്രതികളെ വിയ്യൂർ ഡിറ്റക്ഷൻ സെന്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് ഗുരുവായൂരിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. 

thahani steels

Comments are closed.