
ഗുരുവായൂർ: ഇടതുമുന്നണി നേതൃത്വത്തിലുള്ള ഗുരുവായൂർ നഗരസഭ ഭരണസമിതിയുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബസ് സ്റ്റാൻഡ് നിർമാണം സ്തംഭിപ്പിച്ചത്, ആയുർവേദ ആശുപത്രി നിർമാണം ആരംഭിക്കാത്തത്, ചാവക്കാട് ഗവ. ഹൈസ്കൂൾ മൈതാനം സ്വകാര്യ സംഘടനയ്ക്ക് വിട്ടുനൽകിയത്, തെരുവുനായ ശല്യം നിയന്ത്രിക്കാത്തത് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ബസ് സ്റ്റാൻഡ് നിർമാണം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കാൻ കോൺഗ്രസും യു.ഡി.എഫും തയ്യാറാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തീർഥാടകരെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്ന ഭരണാധികാരികൾ രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ വി. വേണുഗോപാൽ, ബഷീർ പൂക്കോട്, കെ.ഡി. വീരമണി, സി.ആർ. മനോജ്, കെ.പി. ഉദയൻ, എ.ടി. സ്റ്റീഫൻ, കെ.വി. ഷാനവാസ്, എച്ച്.എം. നൗഫൽ, ഇർഷാദ് ചേറ്റുവ, നൗഷാദ് തെക്കുംപുറം, ആർ. രവികുമാർ, കെ.ആർ. സൂരജ്, ഒ.കെ.ആർ. മണികണ്ഠൻ, ആന്റോ തോമസ്, ജോയ് ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.




Comments are closed.