പാപ്പാളി ജംഗ്ഷനിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് അനുവദിക്കണം: ഗുരുവായൂർ എം.എൽ.എ.യ്ക്ക് നിവേദനം നൽകി

ഗുരുവായൂർ: ദേശീയപാത 66 (NH-66) ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പാപ്പാളി ജംഗ്ഷനിൽ (ചെയിനേജ്: 338+600) അടിയന്തിരമായി ഫൂട്ട് ഓവർ ബ്രിഡ്ജ് (FOB) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാളി യാത്രാ സംരക്ഷണ സമിതി ഭാരവാഹികൾ ഗുരുവായൂർ എം.എൽ.എ.യ്ക്ക് നിവേദനം സമർപ്പിച്ചു. വിഷയത്തിൽ ശക്തമായ ഇടപെടലുകൾ നടത്താമെന്നും പ്രദേശം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താമെന്നും എം.എൽ.എ. സമിതിക്ക് ഉറപ്പുനൽകി.പാപ്പാളി ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ മറ്റ് സംവിധാനങ്ങളൊന്നുമില്ലാത്തത് പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും വലിയ യാത്രാദുരിതമാണ് ഉണ്ടാക്കുന്നത്. കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 700-ലധികം വിദ്യാർത്ഥികളും വയോധികരും ജീവൻ പണയം വെച്ചാണ് അതിവേഗത്തിൽ വാഹനങ്ങൾ പായുന്ന ആറുവരിപ്പാത മുറിച്ചുകടക്കുന്നത്. ഈ ഭാഗത്ത് അടുത്തിടെ മാരകമായ വാഹനാപകടങ്ങളും നടന്നിട്ടുണ്ട്.പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, കെ.എസ്.ഇ.ബി ഓഫീസ്, പോലീസ് സ്റ്റേഷൻ, ആശുപത്രികൾ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്ക് എത്താൻ 17, 18, 19 വാർഡുകളിലെ ജനങ്ങൾ ആശ്രയിക്കുന്നത് ഈ പാതയെയാണ്. റോഡ് മുറിച്ചുകടക്കാൻ സാധിക്കാത്തതിനാൽ ജനങ്ങൾ അണ്ടത്തോട് വഴി രണ്ട് കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലാണ്. കൂടാതെ പ്രദേശത്തെ മസ്ജിദുകളിലേക്കും പെരുവഴിപ്പുറത്ത് ശ്രീ പാരമ്പര്യ ഭഗവതി ക്ഷേത്രത്തിലേക്കും പ്രവേശിക്കാനുള്ള പ്രധാന വഴിയും ഇതുതന്നെയാണ്.അപകടഭീതി കാരണം രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ചേർക്കാൻ മടിക്കുന്നതിനാൽ നടപ്പുവർഷം കടിക്കാട് സ്കൂളിലെ യു.പി. വിഭാഗത്തിൽ രണ്ടും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും ഉൾപ്പെടെ ആകെ 3 ഡിവിഷനുകൾ നഷ്ടമായി. കമല സുരയ്യ, നാലപ്പാട്ട് നാരായണ മേനോൻ തുടങ്ങിയവരുടെ ജന്മം കൊണ്ട് പ്രശസ്തമായ പുന്നയൂർക്കുളത്തെ ഏക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഭാവി തന്നെ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.നേരത്തെ മുഖ്യമന്ത്രി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, തൃശ്ശൂർ എം.പി.യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എന്നിവർക്കും സമിതി നിവേദനം നൽകിയിരുന്നു. പാലം നിർമ്മാണത്തിനായി കേന്ദ്ര/ദേശീയപാത (NHAI) അധികൃതരുമായി ബന്ധപ്പെട്ട് ഇടപെടുമെന്ന് ഭരണനേതൃത്വത്തിൽ നിന്ന് ഉറപ്പും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കാൻ എം.എൽ.എ. തലത്തിൽ ഔദ്യോഗിക ശുപാർശ നൽകണമെന്ന് അഭ്യർത്ഥിച്ച് സമിതി എം.എൽ.എ.യെ കണ്ടത്.പാപ്പാളി യാത്രാ സംരക്ഷണ സമിതി ചെയർമാൻ സക്കറിയ പൂക്കാട്ട്, കൺവീനർ കോലയിൽ ലത്തീഫ്, ട്രഷറർ ആലത്തയിൽ മൂസ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.




Comments are closed.