വാടാനപ്പള്ളിയിൽ വൻ മോഷണം: അടച്ചിട്ട വീട്ടിൽനിന്ന് ഡയമണ്ട് മാലയും പണവും, നിർമാണത്തിലിരിക്കുന്ന കടയിൽനിന്ന് വയറിങ് സാമഗ്രികളും കവർന്നു

വാടാനപ്പള്ളി: തൃശ്ശൂർ വാടാനപ്പള്ളിയിൽ പട്ടാപകലും രാത്രിയിലുമായി രണ്ടിടങ്ങളിൽ വൻ കവർച്ച. ഗണേശമംഗലം എട്ടാം കല്ലിലെ അടഞ്ഞുകിടന്ന വീട്ടിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഡയമണ്ട് മാലയടക്കമുള്ള ആഭരണങ്ങളും പണവും, ദേശീയപാത മേൽപ്പാലത്തിന് സമീപം നിർമാണത്തിലിരിക്കുന്ന കാർ ഷോറൂമിൽനിന്ന് ലക്ഷത്തോളം രൂപയുടെ വയറിങ് സാമഗ്രികളും കവർന്നു.

വീട് കുത്തിത്തുറന്ന് 5 ലക്ഷത്തിന്റെ കവർച്ച; പിന്നിൽ നാടോടി സ്ത്രീകളെന്ന് സംശയം
ഗണേശമംഗലം എട്ടാം കല്ലിൽ ചന്ദനപ്പറമ്പിൽ ഡോ. ഹിഷാം മുസത്തിന്റെ വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് മാല, ഒരു പവന്റെ സ്വർണ്ണ പാദസരം അടക്കം അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങൾ, സ്വർണ്ണനിറത്തിലുള്ള സീക്കോ വാച്ച്, പതിനായിരം രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.
ഞായറാഴ്ച രാവിലെ എട്ടിനും പത്തിനും ഇടയിലാണ് മോഷണം നടന്നത്. ഡോക്ടർമാരായ ഹിഷാമും ഭാര്യയും കോഴിക്കോട്ടുനിന്ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് കവർച്ചാവിവരം അറിയുന്നത്. മോഷണം നടന്ന സമയത്ത് നാടോടി സ്ത്രീകൾ വീട്ടുപറമ്പിൽ വന്നുപോകുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വി (CCTV) ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസ് നായയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കാർ ഷോറൂമിൽനിന്ന് കേബിളുകൾ കവർന്നു
ദേശീയപാതയിൽ വാടാനപ്പള്ളി മേൽപ്പാലത്തിന് തെക്ക് സർവീസ് റോഡിന് സമീപം പണി പൂർത്തിയായിവരുന്ന പുതിയ കാർ ഷോറൂമിലാണ് രണ്ടാമത്തെ മോഷണം നടന്നത്. കൂട്ടുകാരായ ആറുപേർ ചേർന്ന് തുടങ്ങുന്ന സ്ഥാപനത്തിൽനിന്ന് രാത്രിയുടെ മറവിൽ 1.10 ലക്ഷം രൂപ വിലമതിക്കുന്ന പ്രീമിയം വയറിങ് കേബിളുകളാണ് മോഷണം പോയത്.
തിങ്കളാഴ്ച രാത്രി ഏഴോടെ തൊഴിലാളികൾ പണി കഴിഞ്ഞ് മടങ്ങിയിരുന്നു. ചൊവ്വാഴ്ച രാവിലെ ജോലിക്കായി വീണ്ടും എത്തിയപ്പോഴാണ് കേബിളുകൾ നഷ്ടപ്പെട്ടതായി കണ്ടത്. എന്നാൽ മോട്ടോർ മോഷണം പോയിട്ടില്ലെന്ന് ഉടമകളിലൊരാളായ കോൺഗ്രസ് നേതാവ് നസീർ വ്യക്തമാക്കി.
രണ്ട് സംഭവങ്ങളിലും വാടാനപ്പള്ളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments are closed.