mehandi new

ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍ – പദ്ധതിയിട്ടത് ഇസ്തിരിക്കടയില്‍ നിന്നും വരുമ്പോള്‍ മുഖം മൂടിയണിഞ്ഞു വെട്ടിക്കൊലപ്പെടുത്താന്‍

fairy tale

ചാവക്കാട്: തിരുവത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ വധക്കേസില്‍ ആരോപണ വിധേയനായ ഗുരുവായൂര്‍ മണ്ഡലം മുന്‍ ബ്ളോക്ക് പ്രസിഡണ്ട് സി.എ ഗോപ പ്രതാപനെ വധിക്കാനുള്ള ഗൂഡാലോചന നടന്നത് കഴിഞ്ഞ വര്‍ഷം നവമ്പര്‍ 24ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരേയുള്ള സമയത്ത് അകലാട് ഒറ്റയിനി കടപ്പുറത്ത് വെച്ച്. തിരുവത്ര പുത്തന്‍കടപ്പുറം ചീനിച്ചോട് സ്വദേശി നടത്തി കുഞ്ഞുമുഹമ്മദ് എന്ന പടിഞ്ഞാറേപ്പുരക്കല്‍ കുഞ്ഞിമുഹമ്മദ് (52), പുത്തന്‍ കടപ്പുറം ബേബി റോഡ് സ്വദേശി കള്ളാമ്പി വീട്ടില്‍ അബ്ബാസ് (45), കുന്നംകുളം സ്വദേശിയും കടപ്പുറം മാട്ടുമ്മലില്‍ താമസക്കാരനുമായ പുത്തന്‍പുരയില്‍ ഇസ്മായില്‍ എന്ന ഫ്രാന്‍സിസ് ഇസ്മായില്‍ (36) എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്. എല്ലാ ദിവസവും രാവിലെ ഇസ്ത്രിക്കടയില്‍ നല്‍കി വസ്ത്രങ്ങള്‍ വാങ്ങി സി.എ ഗോപപ്രതാപന്‍ മണത്തല ശിവക്ഷേത്രത്തിനു വടക്കു ഭാഗത്തുള്ള ആശുപത്രി കടവ് റോഡിലൂടെ ദേശീയ പാത വഴിയാണ് വീട്ടിലത്തെുന്നതെന്ന് മനസ്സിലാക്കിയ പ്രതികള്‍ ഈ യാത്രക്കിടയില്‍ അദ്ദേഹത്തെ മുഖം മൂടിയിട്ട ഇസ്മായില്‍ വെട്ടിക്കൊല്ലണമെന്നാണ് പദ്ധതിയിട്ടത്. കൃത്യം നടത്തിയ ശേഷം നല്‍കുന്ന വിവരമനുസരിച്ച് ഏതെങ്കിലും പള്ളിയുടേയോ ക്ഷേത്രത്തിന്‍്റേയോ പരിസരത്തെുന്ന കൊലപാതകിയെ മറ്റു രണ്ട് പേരും ചേര്‍ന്ന് വിമാനത്താവളത്തിലെത്തിച്ച് ഗള്‍ഫിലേക്ക് കടത്തും. ഇതിനായി പത്ത് ലക്ഷമാണ് പ്രതിഫലം.. ആദ്യപടിയായി 10,000രൂപയും ഇസ്മായിലിനു നല്‍കി. അബ്ബാസാണ് പണം നല്‍കിയത്. കൃത്യം നടത്തുന്നതുമായി ബന്ധപ്പെട്ട ഫോണ്‍ വിളികള്‍ക്കായി കുഞ്ഞുമുഹമ്മദിന്‍്റെ സിം കാര്‍ഡ് മാറ്റി അന്യസംസ്ഥാന തൊഴിലാളികളുടെ പേരില്‍ പുതിയ സിംകാര്‍ഡെടുക്കും. ഏതെങ്കിലും സാഹചര്യത്തില്‍ പിടിക്കപ്പെട്ടാല്‍ ഗോപപ്രതാന്‍്റെ അനുയായിയും ഹനീഫ വധക്കേസില്‍ പ്രതിയായി കസ്റ്റഡിയില്‍ കഴിഞ്ഞയാളുമായ ഗണു എന്ന ഗണേഷാണ് ഈ കൃത്യം ഏല്‍പ്പിച്ചതെന്ന് പൊലീസില്‍ വെളിപ്പെടുത്തണമെന്ന് അബ്ബാസ് അറിയിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഗണേഷന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഗണേഷും അബ്ബാസും ഇസ്മായിലും നേരത്തെ ജയിലില്‍ വെച്ചാണ് പരിചയപ്പെടുന്നത്. ഗോപപ്രതാപനെ വധിക്കണമെന്ന പദ്ധതി മാട്ടുമ്മലെ വീട്ടിലത്തെി ഇസ്മായിലിനെ അറിയിച്ചത് അബ്ബാസായിരുന്നു. പിന്നീട് ബഷീര്‍ എന്നൊരാളും കൂട്ടത്തിലുണ്ടെന്നും അയാളുടെ ശരിയായ പേര് നടത്തി കുഞ്ഞുമുഹമ്മദെന്നുമാണെന്നും അബ്ബാസ് പറഞ്ഞു. അകലാട് വെച്ച് നടന്ന ഗൂഢാലോചനക്കു ശേഷം കൊലപാതകത്തിന് കുന്നംകുളത്തെ ഒരു ഗുണ്ടാ നേതാവിനേയും ഉള്‍പ്പെടുത്തണമെന്ന് കുഞ്ഞുമുഹമ്മദും അബ്ബാസും പറഞ്ഞത് ഇസ്മായിലിന് ഇഷ്ടമായില്ല. ഇതിന്‍്റെ വൈരാഗ്യമാണ് ഇസ്മായിലിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇതിനിടയില്‍ അകലാട് കടപ്പുറത്ത് വെച്ചും പിന്നീട് മൂവരും മൊബൈലിലൂടെ സംസാരിച്ചതും ഇസ്മായില്‍ രഹസ്യമായി റിക്കേര്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് സി.എ ഗോപപ്രതാപനെ സമീപിച്ച് ഗൂഢാലോചന ഇയാള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇയാള്‍ നുണ പറഞ്ഞ് പണം തട്ടാനാണെന്ന് കരുതിയ ഗോപന്‍ ആദ്യം അത് ഗൗനിച്ചില്ല. ഇതേതുടര്‍ന്ന് മൂവരും സംസാരിച്ച ശബ്ദരേഖ ഗോപനെ കേള്‍പ്പിച്ചു. ഇസ്മായില്‍ നല്‍കിയ ശബ്ദരേഖയുമായി തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് ഗോപപ്രതാപന്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന് പരാതി നല്‍കി. ഇതിന്‍്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ 18ന് ചാവക്കാട് എസ്.ഐ എം.കെ രമേഷ് കേസ് രജിസ്റ്റ്റര്‍ ചെയ്തു. മൂന്നാം പ്രതി ഇസ്മായില്‍ ശബ്ദരേഖ പകര്‍ത്തിയ മൊബൈല്‍ ഫോണും ഗോപപ്രതാപന്‍ നല്‍കിയ അവയുടെ രണ്ട് സിഡികളും ചാവക്കാട് കോടതിയില്‍ ഹാജരാക്കി മേല്‍നടപടിക്ക് അപേക്ഷനല്‍കി. കോടതിയുടെ അനുവാദത്തോടെ ശബ്ദരേഖ ഗുജറാത്തിലെ ഗാന്ധിനഗര്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്കയച്ച് ശബ്ദരേഖ കൃത്രിമമല്ലെന്നു ഉറപ്പാക്കി. പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 20ന് തൃശൂര്‍ ഐജി കുന്നംകുളം ഡി.വൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയനുസരിച്ച് കേസിന്‍്റെ അന്വേണം ചാവക്കാട് സി.ഐ ജോണ്‍സണ്‍ ഏറ്റെടുത്തു. മൂന്നാം പ്രതി ഇസ്മായിലിനെ തൃശൂര്‍ ആകാശവാണി നിലയത്തിലത്തെിച്ച് അയാളുടെ ശബ്ദം റിക്കാര്‍ഡ് ചെയ്തെടുത്ത് തിരുവനന്തുപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബിലേക്കയച്ചു. മൊബൈല്‍ ഫോണിലെ ശബ്ദവും ആകാശവാണിയില്‍ നിന്ന് റിക്കാര്‍ഡ് ചെയ്ത അയാളുടെ ശബ്ദവും ഒന്നുതന്നെയാണെന്ന് തിരുവനന്തപുരത്തെ ലൗഡ് സ്പീക്കര്‍ ടെസ്റ്റിലൂടെ വ്യക്തമായി. ഇതിന്‍്റെ ഫലം വന്നതോടെയാണ് വ്യാഴാഴ്ച്ച രാവിലെ മൂവരേയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമന്‍റ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനും ഒന്നും രണ്ടും പ്രതികളുടെ ശബ്ദപരിശോധന നടത്താനും കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി.ഐ പറഞ്ഞു.

Jan oushadi muthuvatur

Comments are closed.