mehandi banner desktop
Chavakkad online

വിവാഹപരസ്യം വഴി പരിചയപ്പെട്ട സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിച്ച ചാവക്കാട് സ്വദേശി ചെങ്ങന്നൂർ പോലീസിന്റെ പിടിയിൽ

fairy tale

ചെങ്ങന്നൂർ : വിവാഹപരസ്യം വഴി പരിചയപ്പെട്ട സ്ത്രീയെ ലൈംഗികമായി ഉപയോഗിച്ച ശേഷം, മുങ്ങിയയാൾ അറസ്റ്റിൽ. ചാവക്കാട് തൊട്ടാപ്പ് സ്വദേശിയും ഇപ്പോൾ പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിയിലെ പെരുവല്ലൂർ താമസക്കാരനുമായ കൊട്ടിലിങ്ങൽ വീട്ടിൽ പി. കെ സലീം (48) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.

planet fashion

ചെങ്ങന്നൂർ സ്വദേശിയായ സ്ത്രീയുടെ പരാതിയിൽ, കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്. 2020ൽ സോഷ്യൽ മീഡിയയിൽ നൽകിയ വിവാഹ പരസ്യത്തിൽ നിന്നും ഫോൺ നമ്പർ ശേഖരിച്ചാണ് ഈ സ്ത്രീയുടെ ബന്ധുക്കളെ സലീം ഫോൺ വിളിച്ച് പരിചയപ്പെട്ടത്. അതുവഴിയാണ് പരാതിക്കാരിയെ പരിചയപ്പെട്ടത്. തുടർന്ന് രണ്ടുമൂന്നു വർഷക്കാലത്തോളം ഫോൺ വഴിയുള്ള ബന്ധം നിലനിർത്തി പ്രണയം അഭിനയിച്ചു.

താൻ വിവാഹമോചിതനാണെന്നും ഒരു മകൾ തനിക്കുണ്ടെന്നും ഒരു കൂട്ട് ആവശ്യമാണെന്നും പറഞ്ഞ് വിദേശത്തായിരുന്ന പ്രതി പരാതിക്കാരിയെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുകയായിരുന്നു. ഇയാളും പരാതിക്കാരിയും തമ്മിൽ നേരിൽ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് വീഡിയോ കോളിലൂടെ കണ്ടപ്പോൾ തന്നെക്കാളും വളരെ സുമുഖനായതിനാൽ, താനുമായി ചേരില്ലെന്ന് പറഞ്ഞ് പരാതിക്കാരി ബന്ധം അവസാനിപ്പിക്കാൻ പലതവണ നിർബന്ധിച്ചു. എന്നാൽ പല കള്ളത്തരങ്ങളും പറഞ്ഞ് പ്രതി, ഈ സ്ത്രീയുമായി ഫോൺ വഴി ബന്ധം നിലനിർത്തുകയായിരുന്നു.

പിന്നീട് 2024 മാർച്ചിൽ ഇയാൾ നാട്ടിലെത്തി. നേരിട്ട് കാണാൻ വീട്ടിലേക്ക് വരുന്നുണ്ടെന്നും തിരികെ പോകുന്നതിന് മുമ്പ് വിവാഹം നടത്തുമെന്നും സ്ത്രീയെ പറഞ്ഞു വിശ്വസിപ്പിച്ചു. ആ മാസത്തിലൊരു ദിവസം സന്ധ്യയോടെ നേരിട്ടു കാണാനെന്ന വ്യാജേന വീട്ടിലെത്തിയ സലീം അന്ന് അവിടെ താമസിക്കുകയും, നിർബന്ധപൂർവ്വം പരാതിക്കാരിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ബന്ധുക്കളുമായി വന്ന് വിവാഹം ഉറപ്പിക്കാമെന്ന് പറഞ്ഞാണ് സ്ത്രീയെ വിശ്വസിപ്പിച്ചത്.

തൊട്ടടുത്ത ദിവസം അവിടെ നിന്ന് തിരികെ പോയ പ്രതി പിന്നീട് പരാതിക്കാരിയിൽ നിന്ന് ബോധപൂർവം അകലുകയായിരുന്നു. പിന്നീട് സലിം അയാളുടെ ഭാര്യയും മക്കളുമായി നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് കണ്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് പരാതിക്കാരി മനസിലാക്കിയത്. തുടർന്നാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തത്.

സ്ത്രീകളെ ഫോണിലൂടെ ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നൽകി വലയിലാക്കി ലൈംഗികമായി ഉപയോഗിച്ച് കടന്നുകളയുന്ന സ്വഭാവക്കാരനാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

വിദേശത്ത് നിന്നും നാട്ടിലെത്തിയെന്നറിഞ്ഞ് പ്രതിയെ പിടികൂടുന്നതിന് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സ്ത്രീവിഷയത്തിൽ തൽപരനായ പ്രതിയെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുദ്യോഗസ്ഥർ വ്യാജ പേരുകളിൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ചാണ് വലയിലാക്കിയത്.

ചെങ്ങന്നൂർ ഡിവൈഎസ്പി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. രെഗീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അന്വേഷണ സംഘത്തിൽ എസ്.ഐ. സജികുമാർ, എ.എസ്.ഐമാരായ ഹരി കുമാർ, അജിത് കുമാർ, സീനിയർ സിപിഒമാരായ ശ്യാം കുമാർ, അനി, സിപിഒമാരായ രജനി, വിബിൻ കെ ദാസ്, ബിജോഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻ്റ് ചെയ്തു.

Comments are closed.