mehandi banner desktop
Chavakkad online

കോളേജ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്ത് മന്നലാംകുന്ന് സ്വദേശിയായ പതിനൊന്നുകാരൻ; ‘വേർഡ്സ് ഇൻ ദി മേക്കിംഗ്’ വർക്ക്‌ഷോപ്പിൽ വിസ്മയമായി ഇഹാൻ

Ft

ചാവക്കാട് : ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് സർഗ്ഗാത്മക രചനയിൽ ക്ലാസെടുത്ത് റിസോഴ്സ് പേഴ്സണായി ശ്രദ്ധേയനായി ചാവക്കാട് പുന്നയൂർ പഞ്ചായത്തിലെ മന്നലാംകുന്ന് സ്വദേശിയായ പതിനൊന്നുകാരൻ. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് (ഓട്ടോണമസ്) പി.ജി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷും ലിറ്റൗറ ഇംഗ്ലീഷ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ‘വേർഡ്സ് ഇൻ ദി മേക്കിംഗ്’ (Words in the Making) ഇന്ററാക്ടീവ് ക്രിയേറ്റീവ് റൈറ്റിംഗ് വർക്ക്‌ഷോപ്പിലാണ് ഈ കൊച്ചുമിടുക്കൻ ക്ലാസ് നയിച്ച് നാടിന് അഭിമാനമായത്.മന്നലാംകുന്ന് സ്വദേശികളായ ഷിയാസ് ജലീൽ – കെൻസി എം. കമാൽ ദമ്പതികളുടെ മകനും മാള ഹോളി ഗ്രേസ് അക്കാദമിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ഇഹാൻ ഫാസ് ബിൻ ഷിയാസാണ് മുഖ്യപ്രഭാഷകനായും റിസോഴ്സ് പേഴ്സണായും പങ്കെടുത്തത്. മലയാള സയൻസ് ഫിക്ഷൻ സാഹിത്യത്തിലെ ആദ്യ ബാലസാഹിത്യകാരനായ ഇഹാൻ, തന്റെ എട്ടാം വയസ്സിൽ പ്രസിദ്ധീകരിച്ച ‘സമർലോൺ’ എന്ന സയൻസ് ഫിക്ഷൻ നോവലിലൂടെ ശ്രദ്ധേയനാണ്. ആറാം വയസ്സിൽ എഴുത്ത് ആരംഭിച്ച ഇഹാൻ, എഴുത്തിൽ സ്വന്തമായ ശൈലി രൂപപ്പെടുത്തിക്കൊണ്ടാണ് മുതിർന്ന കോളേജ് വിദ്യാർത്ഥികൾക്ക് മുന്നിൽ മാതൃകയായത്.കോളേജ് ഓഡിറ്റോറിയത്തിലെ എ.വി ഹാളിൽ വെച്ചു നടന്ന പരിപാടി കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി വി. ടി. ജയറാം ഉദ്ഘാടനം ചെയ്തു. “Where words come alive and imagination takes shape” എന്ന ആശയത്തെ മുൻനിർത്തി വിദ്യാർത്ഥികളിൽ എഴുത്തുശേഷിയും ഭാവനയും വളർത്തുന്നതിനുള്ള പ്രായോഗിക പരിശീലനങ്ങൾക്ക് ഇഹാൻ നേതൃത്വം നൽകി.മുതിർന്ന വിദ്യാർത്ഥികളോട് അതിശയിപ്പിക്കുന്ന ആത്മവിശ്വാസത്തോടെയും ലളിതമായ ഭാഷയിലും ഇഹാൻ സംവദിച്ചത് പങ്കെടുത്തവർക്ക് പുത്തൻ അനുഭവമായി. ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഷാന ഷെറിൻ ഉൾപ്പെടെയുള്ള അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Jan oushadi

Comments are closed.